റോഡിന് സ്ഥലം ഏറ്റെടുക്കും മുമ്പേ ഇടിച്ചുനിരത്തല്‍
text_fieldsഏറ്റുമാനൂര്‍: മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് റോഡിെൻറ അന്തിമഘട്ടം പണികള്‍ക്ക് സ്ഥലം ഏറ്റെടുക്കും മുമ്പേ സ്വകാര്യവ്യക്തിയുടെ മതിലും ഷെഡും പൊളിച്ച് പൊതുമരാമത്ത് അധികൃതര്‍. കഴിഞ്ഞ മേയ് 22ന് നടന്ന സംഭവത്തില്‍ പരാതിയുമായി ഉടമ അധികൃതരെ സമീപിച്ചെങ്കിലും നഷ്ടം നികത്താമെന്ന വാഗ്ദാനമല്ലാതെ ഇതുവരെ ഒന്നും നടന്നില്ല. ഏറ്റുമാനൂര്‍ കിഴക്കേനട ഹരിശ്രീയില്‍ ടി.പി. രാജുവിെൻറ വീടിെൻറ മതിലും വീടിനോട് ചേര്‍ന്ന ഷെഡുമാണ് പൊളിച്ചുനീക്കിയത്.
പന്തല്‍ സാധനസാമഗ്രികളും ബെഞ്ചും െഡസ്‌കും വാടകക്ക് നല്‍കി ഉപജീവനം നടത്തുന്നയാളാണ് രാജു. ഷെഡിനുള്ളില്‍ സൂക്ഷിച്ച സാധനങ്ങളെല്ലാം മണ്ണും കല്ലും കോരിയിട്ട് നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് രാജു പറയുന്നു. സംഭവം നടക്കുമ്പോള്‍ രാജു പടിഞ്ഞാറെനടയിലെ കടയിലായിരുന്നു.
ഭാര്യ ആശുപത്രിയിലും. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സമീപവാസികള്‍ അറിയിച്ചതനുസരിച്ച് രാജു ചെല്ലുമ്പോഴേക്കും എല്ലാം തകർന്നിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച മതിലിെൻറ അവശിഷ്ടങ്ങള്‍ ഷെഡിന് മുകളിലേക്കും പുരയിടത്തിലെ കിണറ്റിലേക്കുമാണ് തള്ളിയത്. രണ്ട് സ്ഥലങ്ങളുടെ അതിരായി നിർമിച്ചിരുന്ന കല്‍കെട്ടും ഇടിച്ചുനിരത്തി. മണ്ണുമാന്തി യന്ത്രത്തിെൻറ ഡ്രൈവറായ ഇതരസംസ്ഥാന തൊഴിലാളിക്ക് പറ്റിയ തെറ്റാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥക്കെതിരെ രാജു മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കലക്ടര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കി. ജൂണ്‍ എട്ടിന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി തുടര്‍നടപടിക്കായി കലക്ടര്‍ക്ക് കൈമാറിയതായി രാജുവിന് മറുപടിയും ലഭിച്ചു. പൊതുമരമാത്ത് വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതി ജൂണ്‍ 18ന് തുടര്‍നടപടികള്‍ക്കായി കോട്ടയം റോഡ്സ് ഡിവിഷന്‍ എക്സിക്യൂട്ടിവ് എൻജിനീയര്‍ക്കും കൈമാറി. സ്ഥലത്തെത്തിയ എം.എൽ.എയും പൊതുമരാമത്ത് വകുപ്പിലെ എൻജിനീയര്‍മാരും രാജുവിന് സംഭവിച്ച നഷ്ടം എത്രയും പെട്ടെന്ന് നികത്തുമെന്ന് വാഗ്ദാനവും നല്‍കി. എന്നാൽ ഒരു നടപടിയുമുണ്ടായില്ല.
ബൈപാസ് റോഡിെൻറ മൂന്നാംഘട്ട നിർമാണം അടുത്ത നാളിലാണ് തുടങ്ങിയത്. രാജു ഉള്‍പ്പെടെ രണ്ടുപേര്‍ സ്ഥലം ഏറ്റെടുക്കുന്നതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചിരുന്നു. അഡ്വ. കെ. സുരേഷ്‌കുറുപ്പ് എം.എൽ.എയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കിയതിനെ തുടര്‍ന്ന് പരാതി പിന്‍വലിച്ചു. കഴിഞ്ഞ 30ന് റോഡിന് സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് വിജ്ഞാപനമിറങ്ങിയെങ്കിലും രാജുവിെൻറ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടി ഇനിയും പൂര്‍ത്തിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.