ഏറ്റുമാനൂർ കുടിവെള്ള പദ്ധതിക്ക് തുടക്കം
text_fieldsഏറ്റുമാനൂര്: നഗരസഭയിലെയും കാണക്കാരി, മാഞ്ഞൂർ, അതിരമ്പുഴ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കാൻ വിഭാവനംചെയ്ത ഏറ്റുമാനൂർ കുടിവെള്ള പദ്ധതിക്ക് തുടക്കമായി.
കിഫ്ബി പദ്ധതിയിൽ 93.225 കോടി മുടക്കി ജില്ലയിലെ ഏറ്റവും വലിയ പദ്ധതിക്കാണ് തുടക്കമായത്. പദ്ധതിയോടനുബന്ധിച്ച് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ സംഘാടക സമിതി രൂപവത്കരിച്ചു. പൂവത്തുംമൂട്ടിലെ നിലവിലുള്ള ഒമ്പത് മീറ്റർ വ്യാസമുള്ള കിണറ്റിൽനിന്ന് വിവിധ മേഖലകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. പൂവത്തുംമൂട് നിലവിലെ പമ്പ്ഹൗസിന് സമീപം ഉന്നതശേഷിയുള്ള ട്രാൻസ്ഫോമർ, റോവാട്ടർപമ്പ്സെറ്റ് എന്നിവ സജ്ജമാകും.
കിണറ്റിൽ നിന്നും നേതാജി നഗറിൽ നിർമിക്കുന്ന 22 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലശുദ്ധീകരണ ശാലയിലേക്ക് ജലം എത്തിക്കും. ശുദ്ധീകരണശാലയോടനുബന്ധിച്ച് 16 ലക്ഷം ലിറ്റർ ജലസംഭരണിയും 20 ലക്ഷം ലിറ്റർ ഭൂതല ജലസംഭരണിയും നിർമിക്കും. തുടർന്ന് കുടിവെള്ളം കച്ചേരിക്കുന്നിൽ നിർമിക്കുന്ന 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉന്നതതല ജലസംഭരണിയിലെത്തും.
തുടർന്ന് കട്ടച്ചിറയിലേക്കും വിതരണം നടക്കും. കട്ടച്ചിറയിലെ നിലവിലുള്ള ഭൂതല ജലസംഭരണി പൊളിച്ച് അരലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉന്നതതല സംഭരണി നിർമിക്കും. ശുദ്ധീകരണശാലയിൽനിന്ന് ടാങ്കുകളിലേക്ക് 13 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാൻസ്മിഷൻ മെയിൻ പൈപ്പ് ലൈനുകളും ടാങ്കുകളിൽനിന്ന് 43 കിലോമീറ്റർ ദൈർഘ്യമുള്ള വിതരണശൃംഖലയും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.
നാല് പാക്കേജുകളിലായാണ് പദ്ധതി പൂർത്തിയാക്കുന്നത്. ആദ്യഘട്ടമായ പൈപ്പിടീൽ പൂർത്തിയായി. തുടർന്നുള്ള പ്രവൃത്തിക്കായി 73.8 കോടി അനുവദിച്ചതായും നവംബറിൽ നിർമാണോദ്ഘാടനം നടക്കുമെന്നും ഭാവിയിൽ പദ്ധതി വിപുലീകരിച്ച് ആർപ്പൂക്കര, അയ്മനം മേഖലകളിലേക്കും കുടിവെള്ളമെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
എക്സി.എൻജിനീയർ ദിലീപ് ഗോപാൽ, അസി. എൻജിനീയർ സൂര്യ ശശിധരൻ, സൂപ്പർവൈസർ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് എ.എം.ബിന്നു, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, മുനിസിപ്പൽ കൗൺസിലർ ഇ.എസ്. ബിജു, കെ.എൻ. വേണുഗോപാൽ, ബാബു ജോർജ്, മുനിസിപ്പൽ കൗൺസിലർമാർ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.