ആദ്യമായി മന്ത്രിയെ ലഭിച്ച സന്തോഷത്തില്‍ ഏഴരപ്പൊന്നാനയുടെ നാട്
text_fieldsഏറ്റുമാനൂര്‍: ആദ്യമായി മന്ത്രിയെ ലഭിച്ചതിെൻറ സന്തോഷത്തിലാണ് ഏഴരപ്പൊന്നാനയുടെ നാട്. പാമ്പാടി ഹിമഭവനില്‍ വി.എന്‍. വാസവന് സത്യപ്രതിജ്ഞ ചെയ്യുന്നത് കോട്ടയം സ്വദേശിയായ ആദ്യ സി.പി.എം മന്ത്രിയായി. 1996ലെ നായനാര്‍ മന്ത്രിസഭയില്‍ കോട്ടയം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് സി.പി.എമ്മിലെ ടി.കെ. രാമകൃഷ്ണന് മന്ത്രിയായിരുെന്നങ്കിലും അദ്ദേഹം കോട്ടയം സ്വദേശി ആയിരുന്നില്ല. എന്നാല്‍, വാസവന് സത്യപ്രതിജ്ഞ ചെയ്യുന്നത് കോട്ടയം ജില്ലയിലെ രണ്ടാമത് സി.പി.എം മന്ത്രി എന്ന നിലക്കുമാത്രമല്ല, ഏറ്റുമാനൂരില്‍നിന്നുള്ള ആദ്യമന്ത്രി എന്ന നിലക്കുകൂടിയാണ്.
വികസനത്തിെൻറയും കാരുണ്യത്തിെൻറയും ജനകീയ മുഖമെന്ന് വിശേഷിപ്പിക്കാവുന്ന വാസവന് കടന്നുവന്ന വഴികള്‍ ഇല്ലായ്മകളോട് പടവെട്ടിയും പ്രതിസന്ധികൾ അതിജീവിച്ചും. ഐ.ടി.ഐ വിദ്യാഭ്യാസകാലത്ത് ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തി. മറ്റക്കരയിലെ ജ്ഞാനപ്രബോധിനി വായനശാലയിലൂടെ വായനയുടെ ലോകത്തും യുവജന പ്രസ്ഥാനത്തിെൻറ പഠന ക്ലാസുകളിലും സജീവമായി. കെ.എസ്.വൈ.എഫ് ജില്ല വൈസ് പ്രസിഡൻറും സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം പള്ളിക്കത്തോട് ലോക്കൽ സെക്രട്ടറിയുമായി. പഞ്ചായത്തിലേക്കായിരുന്നു ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം. വിജയിെച്ചന്നുമാത്രമല്ല, വാസവെൻറ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാർട്ടി ആദ്യമായി പഞ്ചായത്ത് ഭരണവും പിടിച്ചെടുത്തു.
അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ തട്ടകമായിരുന്ന പാമ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വാസവന് നിയോഗിക്കപ്പെട്ടു. ചെത്തുതൊഴിലാളി യൂനിയെൻറ അമരക്കാരനായി മാറിയ അദ്ദേഹത്തിെൻറ താമസം അക്കാലത്ത് പാമ്പാടിയിലെ പാർട്ടി ഓഫിസിലായിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച യൂനിയനാക്കി പാമ്പാടി യൂനിയനെ മാറ്റി. 1978ൽ ഏതാനും തൊഴിലാളികളെെവച്ച് വാസവൻ പാമ്പാടിയിൽ ആരംഭിച്ച മേയ് ദിന റാലി നാലുപതിറ്റാണ്ടായി തുടരുന്നു.
അന്തരിച്ച സാഹിത്യകാരൻ പൊൻകുന്നം വർക്കിയുടെ ആരാധകനായിരുന്ന വാസവൻ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾതന്നെ നവലോകം സാംസ്കാരിക കേന്ദ്രം രൂപവത്കരിച്ച് മലയാള സാഹിത്യ തറവാട്ടിലെ പ്രമുഖരെ പൊൻകുന്നം വർക്കിയുടെ തറവാട്ടിലെത്തിച്ചു. സഹകരണ മേഖലയിൽ സി.പി.എമ്മിെൻറ ബലം ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങി. വെള്ളൂർ സർവിസ് സഹകരണ ബാങ്കിെൻറ ഭരണം പിടിച്ചെടുത്തു. പാമ്പാടിയിൽ റൂറൽ ഹൗസിങ് സൊസൈറ്റി രൂപവത്കരിച്ചു.
സി.ഐ.ടി.യു ജില്ല സെക്രട്ടറി, ജില്ല പ്രസിഡൻറ് സ്ഥാനങ്ങളില്‍ തിളങ്ങിയ അദ്ദേഹം പിന്നീട് കേന്ദ്ര കമ്മിറ്റി അംഗമായി. പാർട്ടി ജില്ല സെക്രേട്ടറിയറ്റ് അംഗം, ജില്ല സെക്രട്ടറി, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലെത്തി. ജില്ല സഹകരണ ബാങ്ക് പ്രസിഡൻറ് സ്ഥാനത്തും വാസവൻ എത്തി. സഹകരണ കൺസോർഷ്യം രൂപവത്കരിച്ചു റബ്കോ രൂപവത്കരണത്തിനും നേതൃത്വം നൽകി.
40 വർഷമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ വികസനസമിതി അംഗമായി പ്രവർത്തിക്കുന്നു. നിയമസഭയിലേക്ക് കന്നിയങ്കം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് എതിരെയായിരുന്നു. 1987ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഏറ്റവും താഴ്ത്താൻ സാധിച്ചു. ഒരുതവണകൂടി പുതുപ്പള്ളിയിൽ മത്സരിച്ചു. 2006ൽ കോട്ടയം നിയമസഭ മണ്ഡലത്തിൽനിന്ന് മത്സരിച്ച് എം.എൽ.എയായി. ഒരുതവണ കൂടി കോട്ടയത്തുനിന്ന് നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിെച്ചങ്കിലും പരാജയപ്പെട്ടു.
യു.ഡി.എഫ് കൈപ്പിടിയിലായിരുന്ന ഏറ്റുമാനൂര്‍ നിയോജക മണ്ഡലം 2011ല്‍ അഡ്വ. കെ. സുരേഷ് കുറുപ്പിലൂടെ എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. 1801 വോട്ടായിരുന്നു ഭൂരിപക്ഷം. 2016ല്‍ ഭൂരിപക്ഷം 8899 ആയി ഉയര്‍ത്തി സുരേഷ്കുറുപ്പ് വിജയം ആവര്‍ത്തിച്ചു. എന്നാല്‍, ഇക്കുറി പ്രതികൂലസാഹചര്യങ്ങള് ഏറെയുണ്ടായിട്ടും ഭൂരിപക്ഷം 14,303 വോട്ടാക്കി മാറ്റിക്കൊണ്ടാണ് വാസവന് ഏറ്റുമാനൂരില്‍ വെന്നിക്കൊടി പാറിച്ചത്.
കോട്ടയം എം.എൽ.എയായിരിക്കെ വാസവന് മികച്ച നിയമസഭ സാമാജികനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.