ചതുപ്പുനിലം നികത്തൽ: സി.പി.ഐ സമരത്തിലേക്ക്
text_fieldsഏറ്റുമാനൂർ: മണർകാട്-പട്ടിത്താനം ബൈപാസിന്‍റെ മറവിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്‍റെ കിഴക്കേനട ഭാഗത്ത് തണ്ണീർത്തടം മണ്ണിട്ട് നികത്തിയതിൽ പ്രതിഷേധിച്ച് സി.പി.ഐ പ്രത്യക്ഷസമരത്തിലേക്ക്.
നാട്ടുകാരുടെ നിരന്തര പരാതിയുണ്ടായിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് മന്ത്രി കെ. രാജൻ നേരിട്ട് ഇടപെട്ടാണ് തണ്ണീർത്തടം നികത്തുന്നത് നിർത്തിവെപ്പിച്ചത്. 2008ലെ തണ്ണീർത്തട നിയമപ്രകാരം നികത്തിയ സ്ഥലം ഉടമയുടെ ചെലവിൽതന്നെ മണ്ണ് നീക്കംചെയ്ത് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്. ബൈപാസ് കടന്നു പോകുന്ന തവളക്കുഴി ജങ്ഷനിൽ ആവശ്യം ശ്രദ്ധയിൽപെടുത്തുന്ന ബാനർ പ്രവർത്തകർ സ്ഥാപിച്ചു. വ്യാജറിപ്പോർട്ട് ചമച്ച് പണമടച്ച് ഭൂമി തരംമാറ്റാനുള്ള നടപടിയാണ് ദ്രുതഗതിയിൽ നടക്കുന്നത്. സാധ്യമായ എല്ലാ നിയമമാർഗങ്ങളും ഉപയോഗപ്പെടുത്തി ഈ ശ്രമം തടയുമെന്ന് സി.പി.ഐ പ്രവർത്തകനും ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പ്രശാന്ത് രാജൻ പറഞ്ഞു.
മണ്ണിട്ടുനികത്തിയ ഇടങ്ങളിൽ ബുധനാഴ്ച സി.പി.ഐ ഏറ്റുമാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടികൊടി നാട്ടി പ്രകടനം നടത്തി. പ്രകടനമായി എത്തിയ പ്രവർത്തകർ പ്രദേശത്ത് യോഗം ചേർന്നു. ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിന്‍റെ മറവിൽ അഞ്ഞൂറ് ലോഡിലധികം മണ്ണിട്ട് ചതുപ്പുനിലം നികത്തിയതായി സി.പി.ഐ ലോക്കൽ കമ്മിറ്റി ആരോപിച്ചു.
സി.പി.ഐ മണ്ഡലം സെക്രട്ടറി ബിനു ബോസ് യോഗം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.വി. പുരുഷൻ, റോജൻ ജോസ്, മണി നാരായണൻ, അജയകുമാർ, എ.ഐ.വൈ.എഫ് നേതാക്കളായ ബിനീഷ് ജനാർദനൻ, വൈശാഖ്, മനോജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.