പാടത്ത് വെള്ളക്കെട്ട്; കൃഷിയിറക്കാനാകാതെ നെല്‍കര്‍ഷകര്‍
text_fieldsഏറ്റുമാനൂര്‍: മഴ ശക്തമായതോടെ പാടത്ത് കൃഷിയിറക്കാനാവാതെ നെല്‍കര്‍ഷകര്‍. നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവുമായി കൃഷിയിറക്കേണ്ട തെള്ളകം - പേരൂര്‍ പുഞ്ചപ്പാടശേഖരത്തിലെ കര്‍ഷകരാണ് ആശങ്കയിലായിരിക്കുന്നത്.
മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ പാടത്തേക്ക് ഒഴുകിയെത്തിയ വെള്ളം തിരിച്ചിറങ്ങാത്തതാണ് കര്‍ഷകരെ ഏറെ വലക്കുന്നത്. അതിനിടെ, ഇടതടവില്ലാതെ പെയ്യുന്ന മഴയും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നു.
കൃഷിയിറക്കുന്നതിന് നെല്‍വിത്തുകളും നിലമൊരുക്കാനുള്ള നീറ്റുകക്കയും ഉള്‍പ്പെടെ പാടശേഖരസമിതി മുഖേന കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പേക്ഷ വെള്ളം പൊങ്ങിക്കിടക്കുന്ന പാടത്ത് തങ്ങള്‍ എന്തുചെയ്യാനാണ് എന്നാണ് കര്‍ഷകരുടെ ചോദ്യം. ''ഡിസംബറില്‍ കൃഷിയിറക്കാനായില്ലെങ്കില്‍ വിളവെടുപ്പ് താമസിക്കും. അപ്പോഴേക്കും വേനല്‍മഴയുമെത്തും. വിളവെത്തിയ നെല്ല് മുഴുവന്‍ വെള്ളത്തിനടിയിലുമാകും''. കൃഷിയിറക്കാന്‍ താമസിച്ചുപോയ ഒരു വര്‍ഷത്തെ അനുഭവം ചൂണ്ടിക്കാട്ടി കര്‍ഷകര്‍ പറയുന്നു.
തെള്ളകം-പേരൂര്‍ പാടശേഖരത്തെ മീനച്ചിലാറുമായി ബന്ധിപ്പിച്ചിരുന്ന തോടുകളില്‍ മിക്കതും ഇപ്പോള്‍ നിലവിലില്ല. കൈയേറ്റത്താല്‍ തോടുകള്‍ ഇല്ലാതായതോടെയാണ് വെള്ളപ്പൊക്കത്തില്‍ പാടത്ത് കയറുന്ന ജലം തിരിച്ചിറങ്ങാതെയായത്. ഇപ്പോള്‍ ആകെയുള്ളത് പാറമ്പുഴ കുഴിചാലിപടിയില്നിന്നുമുള്ള കുത്തിയതോട് മാത്രമാണ്. ഈ തോടാകട്ടെ എക്കല്‍ നിറഞ്ഞ അവസ്ഥയിലും. തെള്ളകം പാടത്തിന് നടുവിലൂടെയുള്ള തോടും എക്കല്‍മണ്ണ് നിറഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. എക്കല്‍ നീക്കം ചെയ്ത് തോടുകളിലൂടെ നീരൊഴുക്ക് സുഗമമാക്കിയാലേ സമയത്ത് പാടത്ത് കൃഷിയിറക്കാനാവൂ എന്നാണ് കര്‍ഷകരുടെ വാദം. പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നഗരസഭ അധികൃതര്‍ക്കും കൃഷി ഓഫിസര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് കര്‍ഷകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.