ഈരാറ്റുപേട്ടക്കും കോട്ടയത്തിനും പിന്നാലെ ഏറ്റുമാനൂര്‍ നഗരസഭയും മറിക്കാന്‍ ഇടതുനീക്കം
text_fieldsഏറ്റുമാനൂര്‍: ഈരാറ്റുപേട്ടയിലും കോട്ടയത്തും നഗരസഭാ ഭരണത്തില്‍ നിന്നും യുഡിഎഫിനെ താഴെയിറക്കിയതിനു പിന്നാലെ ഏറ്റുമാനൂരിലും ഇതേ തന്ത്രം ആവര്‍ത്തിക്കാനുള്ള അണിയറനീക്കങ്ങളുമായി ഇടതുപക്ഷം. നിലവില്‍ ഒരു മുന്നണിക്കും കേവലഭൂരിപക്ഷമില്ലാത്ത ഏറ്റുമാനൂര്‍ നഗരസഭയില്‍ യുഡിഎഫിന് പിന്തുണ നല്‍കുന്ന രണ്ട് സ്വതന്ത്രരെ തങ്ങളുടെ പാളയത്തില്‍ എത്തിച്ച് ഭരണം പിടിക്കാനുള്ള നീക്കങ്ങളാണ് എല്‍ഡിഎഫ് നടത്തുന്നത്. ഇതിന് വഴിയൊരുങ്ങിയില്ലെങ്കില്‍ കോട്ടയത്തു സംഭവിച്ചതുപോലെ ബിജെപിയുടെ പിന്തുണ തേടിയേക്കും.
യുഡിഎഫിന്‍റെ ഭരണത്തിലെ പോരായ്മകള്‍ ചൂണ്ടികാട്ടി പ്രതിപക്ഷാംഗങ്ങള്‍ കഴിഞ്ഞ ദിവസം കൗണ്‍സില്‍ ഹാളിനു മുന്നില്‍ സമരം നടത്തിയത് ഇതിന്‍റെ മുന്നോടിയായാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. മുപ്പത്തഞ്ച് വാര്‍ഡുകളുള്ള നഗരസഭയില്‍ യുഡിഎഫിന് പന്ത്രണ്ടും (കോണ്‍ഗ്രസ് - 10, കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം - 2) എല്‍ഡിഎഫിന് പതിനൊന്നും (സിപിഎം - 9, കേരളാ കോണ്‍ഗ്രസ് എം - 2) സീറ്റുകളാണ് ഉള്ളത്. ഒരു സ്വതന്ത്ര അംഗം ഉള്‍പ്പെടെ ബിജെപിയുടെ ഏഴും പ്രതിനിധികളുണ്ട്. ആകെ അഞ്ച് സ്വതന്ത്രര്‍ ഉള്ളതില്‍ മൂന്ന് പേരെ തങ്ങളോടൊപ്പം ചേര്‍ത്തുനിര്‍ത്തിയാണ് യുഡിഎഫ് ഭരണത്തിലെത്തിയത്.
വനിതാ അംഗങ്ങളായ ഇവരില്‍ രണ്ട് പേര്‍ക്ക് സ്ഥിരം സമിതി അധ്യക്ഷസ്ഥാനവും നല്‍കി. പാര്‍ട്ടി പിന്തുണയോടെ മത്സരിച്ച ബിനോയ് കെ ചെറിയാന്‍ ഉള്‍പ്പെടെ രണ്ട് സ്വതന്ത്രരുടെ പിന്തുണയാണ് എല്‍ഡിഎഫിനുള്ളത്. സംസ്ഥാനത്ത് തങ്ങളുടെ ഭരണവും പാര്‍ട്ടി പ്രതിനിധിയായ ഏറ്റുമാനൂര്‍ എംഎല്‍എ മന്ത്രിയുമായി നില്‍ക്കുമ്പോള്‍ നഗരസഭാ ഭരണത്തില്‍ മേല്‍ക്കൈ സ്ഥാപിക്കാനാവാതെ പോകുന്നതാണ് അവിശ്വാസം എന്നതിലേക്ക് സിപിഎമ്മിനെ ചിന്തിപ്പിക്കുന്നത്.
യുഡിഎഫ് പക്ഷത്തുള്ള സ്വതന്ത്രരില്‍ രണ്ട് പേരെയെങ്കിലും തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്. മാത്രമല്ല സ്ഥിരം സമിതി അധ്യക്ഷരായ ഇവരെ തത്സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയും ചെയ്യും. മുന്‍ സിപിഎം കൗണ്‍സിലര്‍ ബിനീഷിന്‍റെ ഭാര്യയും നിലവിലെ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ സുനിതാ ബിനീഷാണ് ഇവരിലൊരാള്‍. കേരളാ കോണ്‍ഗ്രസ് - ജെ പ്രതിനിധിയും വൈസ് ചെയര്‍മാനുമായ കെ.ബി.ജയമോഹനെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനുള്ള ശ്രമവും സിപിഎം ആരംഭിച്ചതായാണ് അറിയുന്നത്. ഇദ്ദേഹം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നാല്‍ വിപ്പ് പ്രശ്നം ഉദിക്കുന്നില്ലെന്നു മാത്രമല്ല, വൈസ് ചെയര്‍മാന്‍ സ്ഥാനം തുടരാന്‍ അനുവദിക്കുകയും ചെയ്യും. എല്‍ഡിഎഫിന്‍റെ ഈ നീക്കങ്ങള്‍ വിജയിച്ചാല്‍ ബിജെപിയുടെ പിന്തുണ ആവശ്യമായി വരില്ല. പകരം അവര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നാല്‍ അവിശ്വാസം പാസാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.