തെള്ളകത്ത് വീട് കുത്തിത്തുറന്ന് വൻ മോഷണം; 20 ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്നു
text_fieldsഏറ്റുമാനൂർ: തെള്ളകത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. 20 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നു. ശനിയാഴ്ച പകൽ തെള്ളകം പഴയാറ്റ് ജേക്കബ് എബ്രഹാമിന്റെ വീട് കുത്തിത്തുറന്നാണ് മോഷണം. 40 പവൻ സ്വർണ- വജ്ര ആഭരണങ്ങളാണ് കവർന്നത്. അടുക്കളഭാഗത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്. അലമാര വെട്ടിപ്പൊളിച്ച നിലയിലാണ്. ശനിയാഴ്ച രാവിലെ 10ന് വീട്ടിൽനിന്ന് പുറത്തുപോയ ജേക്കബും കുടുംബവും രാത്രിയാണ് മടങ്ങിയെത്തിയത്. ഇതോടെയാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതിനൊപ്പം ഇമിറ്റേഷൻ ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
അഞ്ചുമാസം മുമ്പായിരുന്നു ജേക്കബിന്റെ മകൻ അഭിയുടെ വിവാഹം. അഭിയുടെ ഭാര്യ അലീനയുടെയും ജേക്കബിന്റെ ഭാര്യ ലില്ലിക്കുട്ടിയുടെയുമാണ് നഷ്ടമായ ആഭരണങ്ങൾ. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കഴിഞ്ഞദിവസമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. ജേക്കബും ഭാര്യയും ആഗസ്റ്റിൽ ആസ്ട്രേലിയയിലുള്ള മകളുടെ അടുത്തേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിന്റെ ഭാഗമായി ആഭരണങ്ങൾ മറ്റൊരു ലോക്കറിലേക്ക് മാറ്റാൻ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് ജേക്കബിന്റെ അയൽവാസികൾ വീടിന്റെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടെങ്കിലും വീട്ടുകാർ വന്നതായിരിക്കും എന്നു കരുതി ശ്രദ്ധിച്ചില്ല.
ഞായറാഴ്ച രാവിലെ ഏറ്റുമാനൂർ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായി ഏറ്റുമാനൂർ പൊലീസ് പറഞ്ഞു.
എസ്.എച്ച്.ഒ പ്രസാദ് എബ്രഹാം വർഗീസ്, സബ് ഇൻസ്പെക്ടർ പ്രശോഭ് എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.