പള്ളിക്കുന്നുകടവിൽ 10 വര്‍ഷത്തിനിടെ മുങ്ങിമരിച്ചത് 30ലേറെ പേര്‍
text_fieldsഏറ്റുമാനൂര്‍: ചെറുദ്വീപുകള്‍ പോലെ അങ്ങിങ്ങായി പൊങ്ങിനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. അതിനിടയിലൂടെ പതഞ്ഞൊഴുകുന്ന മീനച്ചിലാര്‍. പാറക്കെട്ടുകള്‍ക്ക് തണലൊരുക്കി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കൂറ്റന്‍ പേരാല്‍ മരം. മരത്തില്‍ നിന്നു താഴേക്കു കയര്‍ പിരിച്ചിട്ടതുപേലെ തൂങ്ങിക്കിടക്കുന്ന വള്ളിപ്പടർപ്പുകള്‍. വെള്ളത്തിന് മീതെ പൊങ്ങി നില്‍ക്കുന്ന പാറക്കെട്ടുകളില്‍ കയറി ഇരിക്കാനും സെല്‍ഫി എടുക്കാനും ചാടിക്കുളിക്കാനുമൊക്കെ ആരെയും മോഹിപ്പിക്കുന്ന മനോഹാരിതയാണ് പേരൂരിലെ പള്ളിക്കുന്നുകടവിന്. പുറത്തുനിന്ന് നോക്കിയാല്‍ കരയോടു ചേര്‍ന്ന് ആഴം കുറഞ്ഞ പ്രദേശമാണെന്ന് തോന്നും.
എന്നാല്‍, പാറക്കെട്ടുകള്‍ക്കിടയിലെ ഗര്‍ത്തങ്ങളും വന്‍ ചുഴികളും നിറഞ്ഞതാണ് പള്ളിക്കുന്ന് കടവെന്ന് പ്രദേശവാസികള്‍ പറയുന്നു. 10 വര്‍ഷത്തിനിടെ മുപ്പതോളം പേരാണ് ഈ ഭാഗത്ത് മുങ്ങിമരിച്ചത്. പള്ളിക്കുന്ന് കടവില്‍ മുങ്ങിപ്പോയവര്‍ ജീവനോടെ രക്ഷപ്പെട്ടിട്ടില്ലെന്നു പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. പാറക്കെട്ടുകള്‍ക്കിടയില്‍ വീണുപോയാല്‍ തലയടിക്കും. അല്ലെങ്കില്‍ പാറക്കെട്ടുകളുടെ ഗര്‍ത്തങ്ങളില്‍ കുടുങ്ങും. അടിയൊഴുക്ക് അതിശക്തമാണ് ഇവിടെ. നാലാള്‍ക്കുമുകളിലാണ് ഈ ഭാഗത്ത് ആഴമെന്നും സമീപവാസിയും എഴുപതുകാരനുമായ മുത്തൂറ്റില്‍ തോമസ് പറഞ്ഞു.
മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാടുകയറി
പള്ളിക്കുന്ന് കടവിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാടുകയറിയിട്ട് മാസങ്ങളായി. ഏറ്റവും ആഴം കൂടിയ ഭാഗമെന്നും നിരവധി ജീവൻ നഷ്ടമായ സ്ഥലമെന്നും രേഖപ്പെടുത്തി പണ്ട് പഞ്ചായത്ത് സ്ഥാപിച്ചതാണ് ബോര്‍ഡ്. നിരവധി കുട്ടികളാണ് ഈ ഭാഗത്ത് കുളിക്കാനെത്തുന്നത്. പലര്‍ക്കും നീന്തല്‍ പോലും വശമില്ല. കുട്ടികളെ വഴക്കുപറഞ്ഞ് കയറ്റിവിട്ടാല്‍ വീട്ടുകാരെ വിളിച്ചുകൊണ്ട് വന്ന നാട്ടുകാരെ ശകാരിക്കുന്ന രീതിയാണ്. ഇതിന് മാറ്റം വരണമെങ്കില്‍ പ്രദേശത്തെ പൊലീസ് പരിശോധന ശക്തമാക്കണമെന്നും കൂടുതല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.