സ്വന്തം കാര്യം വന്നപ്പോൾ റെയിൽവേ ഉണർന്നു; പാലരുവിക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്
text_fieldsകോട്ടയം: യാത്രക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും കുലുങ്ങാതിരുന്ന റെയിൽവേ, സ്വന്തം കാര്യമായപ്പോൾ ഉണർന്നു. പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ താൽക്കാലിക സ്റ്റോപ്. ഏറ്റുമാനൂരിൽനിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുന്ന റെയിൽവേ ജീവനക്കാരുടെ സൗകര്യർഥമാണ് ജൂൺ 30വരെ ഏറ്റുമാനൂരിൽ ട്രെയിൻ നിർത്താൻ തീരുമാനമായത്.
യാത്രക്കാർ പാലരുവിക്ക് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിവേദനം നൽകുകയും പലതവണ പ്ലാറ്റ് ഫോമിൽ പ്രതിഷേധിക്കുകയും ചെയ്തിട്ടും അധികൃതർ മൗനം പാലിച്ചതായി യാത്രക്കാരുടെ കൂട്ടായ്മകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, താൽക്കാലിക സ്റ്റോപ് അനുവദിച്ച സർക്കുലർ ഇറങ്ങിയിട്ടില്ലെന്നതിനാൽ ഏറ്റുമാനൂരിൽനിന്നുള്ള യാത്രക്കാർ ഇപ്പോഴും കോട്ടയത്തുനിന്നുമാണ് ട്രെയിൻ കയറുന്നത്. രാവിലെ 7.35ന് ഏറ്റുമാനൂർ വഴി കടന്നുപോകുന്ന പാലരുവി എക്സ്പ്രസിന് ഒരു മിനിറ്റ് സ്റ്റോപ് അനുവദിച്ചാലും നിലവിലെ സമയക്രമം തന്നെ പാലിക്കാൻ കഴിയുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. വൈകീട്ട് 6.45ന് എറണാകുളത്ത്നിന്ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് സ്വകാര്യ ജോലിക്കാർക്ക് ഏറെ സഹായകമാണ്.
േനരത്തേ ഒരു പ്ലാറ്റ് ഫോം മാത്രമുണ്ടായിരുന്ന കാരണത്താലാണ് ഇവിടെ സ്റ്റോപ് അനുവദിക്കാതിരുന്നതത്രെ. ഇരട്ടപ്പാതയുെട ഭാഗമായി സ്റ്റേഷൻ നവീകരിച്ചതോടെ നിലവിൽ നാല് പ്ലാറ്റ് ഫോമുകളാണുണ്ട്. കോട്ടയം കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള സ്റ്റേഷനാണ് ഏറ്റുമാനൂർ. പാലാ, പേരൂർ, നീണ്ടൂർ, ആർപ്പൂക്കര, മാന്നാനം, അയർക്കുന്നം എന്നിവിടങ്ങളിൽ നിന്നുള്ളവർ ഇവിടേക്ക് എളുപ്പത്തിൽ എത്താനും കഴിയും.
എം.ജി സർവകലാശാല, ഐ.ടി.ഐ, കെ.ഇ കോളജ്, ഏറ്റുമാനൂരപ്പൻ കോളജ്, മെഡിക്കൽ കോളജ്, ഐ.സി.എച്ച്, കാരിത്താസ്, തീർഥാടന കേന്ദ്രമായ അതിരമ്പുഴ പള്ളി, ഏറ്റുമാനൂർ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ പാലരുവിക്ക് ഏറ്റുമാനൂരിൽ സ്ഥിരം സ്റ്റോപ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.