കൈത്താങ്ങായി റിസ്ക് ഫണ്ട്: കടബാധ്യത മറികടന്ന് ബിജു
text_fieldsഏറ്റുമാനൂർ: വർഷങ്ങളായ കടബാധ്യത മറികടന്നതിെൻറ ആശ്വാസത്തിലാണ് ഏറ്റുമാനൂർ കട്ടച്ചിറ പറയൻകുന്നേൽ ബിജു ദേവസ്യ. വീട് പുനർനിർമിക്കാനാണ് ഏറ്റുമാനൂർ സർവിസ് സഹകരണ ബാങ്കിൽനിന്ന് നാലുവർഷം മുമ്പ് ബിജുവിെൻറ പിതാവ് രണ്ടുലക്ഷം രൂപ വായ്പയെടുത്തത്. എന്നാൽ, 2019ൽ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതോടെ തിരിച്ചടവ് മുടങ്ങി. ബിജുവിന് കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനമാണ് കുടുംബത്തിെൻറ ഏക ആശ്രയം. കോവിഡ് പ്രതിസന്ധി വന്നതോടെ കുടുംബത്തിെൻറ സാമ്പത്തിക ബുദ്ധിമുട്ട് ഇരട്ടിയായി. അമ്മയുടെ ചികിത്സക്കും സഹോദരിയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിെൻറ ചെലവിനുമായി കഷ്ടപ്പെടുമ്പോഴാണ് അദാലത്തിലേക്ക് അപേക്ഷ സമർപ്പിച്ചത്. ബിജുവിന് റിസ്ക് ഫണ്ട് ധനസഹായമായി 1.50 ലക്ഷം രൂപയാണ് അനുവദിച്ചത്. മന്ത്രി വി.എൻ. വാസവൻ ബിജുവിന് തുക കൈമാറി.
ഏറ്റുമാനൂര്: കാത്തിരിപ്പിനൊടുവിൽ ചികിത്സസഹായം കൈയിൽ എത്തിയപ്പോൾ അതിരമ്പുഴ ആലഞ്ചേരി മാത്യു തോമസിെൻറ മുഖത്ത് സന്തോഷത്തിെൻറ തിളക്കം. രണ്ടുവർഷം മുമ്പ് തൊണ്ടയിൽ അർബുദം ബാധിച്ച അറുപതുകാരനായ മാത്യു തോമസിന് കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് നടത്തിയ അദാലത്തിലാണ് ചികിത്സ ധനസഹായം ലഭ്യമാക്കിയത്. ധനസഹായമായി അനുവദിച്ച 75,000 രൂപ മന്ത്രി വി.എൻ. വാസവൻ മാത്യുവിന് കൈമാറി. വീടുകൾക്ക് പ്ലാൻ വരച്ചുനൽകുന്നതാണ് മാത്യുവിെൻറ ഏക വരുമാനം. തുടർ ചികിത്സക്കായി വൻ തുക ചെലവഴിക്കേണ്ടി വരുന്നതിൽ സാമ്പത്തികമായി ഏറെ തളർന്നു. മക്കളുടെ പഠനാവശ്യങ്ങൾക്കായി സഹകരണ ബാങ്കിൽ നിന്നും വായ്പയായി എടുത്ത 20 ലക്ഷത്തോളം രൂപ രോഗം ബാധിച്ചതോടെ തിരിച്ചടക്കാൻ കഴിയാതെയായി. കൂലിപ്പണിയെടുത്ത് വായ്പയടച്ച് തീർക്കാം എന്നതായിരുന്നു ഏറ്റുമാനൂർ സഹകരണ ബാങ്കിൽ നിന്നും വീടുപണിക്കായി വായ്പയെടുത്തപ്പോൾ ഏറ്റുമാനൂർ നഗരസഭ 26ാം വാർഡ് നേതാജി നഗറിലെ താമസക്കാരനായിരുന്ന പി.വി. വിജയകുമാറിെൻറ പ്രതീക്ഷ. അർബുദ രോഗം കീഴടക്കിയ അദ്ദേഹം രണ്ടുവർഷം മുൻപ് 56ാം വയസ്സിൽ മരണത്തിന് കീഴടങ്ങി. അതോടെ വായ്പയടച്ച് തീർക്കേണ്ട ചുമതല ഭാര്യ ഓമനക്കും മക്കൾക്കുമായി. അഞ്ചുലക്ഷം രൂപയാണ് വായ്പയായി ബാങ്കിൽനിന്ന് എടുത്തിരുന്നത്. മക്കൾ പണിയെടുത്തു കിട്ടുന്നതിൽ നിന്നും മിച്ചം പിടിച്ചൊരു തുക കൃത്യമായി ബാങ്കിൽ തിരിച്ചടച്ചത്.
ഒരുവർഷം മുമ്പ് പക്ഷാഘാതം വന്ന് ഓമന കിടപ്പിലായി. ദീർഘനാളത്തെ ചികിത്സക്കുശേഷമാണ് എഴുന്നേറ്റത്. ഭർത്താവിെൻറ വേർപാടും രോഗദുരിതങ്ങളും നൽകിയ തകർച്ചയിൽ സർക്കാറിെൻറ കൈത്താങ്ങ് പ്രതീക്ഷിച്ച് അയൽക്കാരിയുടെ സഹായത്തോടെയാണ് അദാലത്തിനെത്തിയത്. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിെൻറ അദാലത്തിൽ 75,347 രൂപയാണ് ഓമനക്ക് റിസ്ക് ഫണ്ടായി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.