സി.പി.ഐയിൽ വിഭാഗീയത: മണ്ഡലം സെക്രട്ടറിയെ പുറത്താക്കി
text_fieldsഏറ്റുമാനൂർ: വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് സി.പി.ഐ ഏറ്റുമാനൂർ നിയോജക മണ്ഡലം സെക്രട്ടറി പി.വൈ. പ്രസാദിനെ പുറത്താക്കി. മണ്ഡലം കമ്മിറ്റി ഓഫിസിൽ ജില്ല സെക്രട്ടറി പങ്കെടുത്ത യോഗത്തിലാണ് പ്രസാദിനെ നീക്കംചെയ്തത്. മുൻ മണ്ഡലം സെക്രട്ടറിയായിരുന്ന മാന്നാനം സ്വദേശി ജില്ല എക്സിക്യൂട്ടിവിലേക്ക് തെരഞ്ഞടുക്കപ്പെട്ടിട്ടും മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിയാൻ പ്രസാദ് വിമുഖത കാണിക്കുകയായിരുന്നു. തുടർന്ന് എതിർപക്ഷം ഒരാൾക്ക് ഒരുപദവി മതിയെന്ന നിലപാട് സ്വീകരിച്ചു. പിന്നീട് ഒന്നരവർഷം മുമ്പ് നടന്ന വാശിയേറിയ മത്സരത്തിൽ പി.വൈ. പ്രസാദ് സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. ദലിത് വിഭാഗത്തിൽപെട്ട പ്രസാദ് സെക്രട്ടറി സ്ഥാനത്തുവന്ന അന്നു മുതൽ മുൻ സെക്രട്ടറി ഉപരികമ്മിറ്റികളിലെ ചില നേതാക്കളെ കൂട്ടുപിടിച്ച് പ്രസാദിനെ പുറത്താക്കാനുള്ള നീക്കവും ആരംഭിച്ചിരുന്നു. പ്രസാദ് ഇപ്പോഴത്തെ ജില്ല സെക്രട്ടറി പക്ഷക്കാരനാണെന്നും ജില്ല സെക്രട്ടറി തെരഞ്ഞെടുപ്പിൽ 22 വോട്ടിന് കാനം പക്ഷത്തെ തോൽപിച്ചതിന്റെ പിന്നിലും പ്രസാദ് ആണെന്ന് മുൻ സെക്രട്ടറിയും കൂട്ടരും പറയുന്നു. സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടപ്പോൾ മുൻ സെക്രട്ടറിക്ക് പൊതുപ്രവർത്തനം നടത്താൻ ചില ഉന്നതനേതാക്കൾ
ഇടപെട്ട് കോട്ടയം മെഡിക്കൽ കോളജിന് സമീപം ‘കരുതൽ’ എന്ന ചാരിറ്റി പ്രവർത്തന ഓഫിസും തുറന്നുകൊടുത്തു. എന്നാൽ, ആറുമാസംപോലും കരുതൽ പ്രവർത്തനം നടത്താൻ കഴിയാതെ ഓഫിസ് അടച്ചുപൂട്ടുകയായിരുന്നു. വീണ്ടും ദുഃഖിതനായ മുൻ സെക്രട്ടറി നിലവിലെ സെക്രട്ടറിയായ പ്രസാദിനെ എങ്ങനെ പുറത്താക്കണമെന്ന ആലോചനയിൽ കരുക്കൾ നീക്കം ആരംഭിച്ചു. അത് ഇന്നലെ പ്രാവർത്തികമാക്കി വിജയിപ്പിച്ച ആശ്വാസത്തിലാണ് മുൻ സെക്രട്ടറിയും ചില ഉപരി നേതാക്കളും. നിരവധി വർഷം സി.പി.ഐ ജില്ല കമ്മറ്റി ഓഫിസ് സെക്രട്ടറിയായും ബിനോയ് വിശ്വം മന്ത്രിയായിരുന്നപ്പോൾ പേഴ്സനൽ സ്റ്റാഫായും പി.വൈ.പ്രസാദ് പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.