നന്മയുള്ള ലോകമേ, കാണണം ഈ കുട്ടികളുടെ സങ്കടം
text_fieldsഏറ്റുമാനൂര്‍: അമ്മേ നമ്മളെന്നാ പുത്തനുടുപ്പ് വാങ്ങുന്നേ... കുറച്ചുനാളായി അര്‍ച്ചനയെന്ന 13കാരി അമ്മയോടു ചോദിക്കുന്ന ചോദ്യമാണിത്. സ്കൂള്‍ തുറക്കെട്ടേയെന്നായിരുന്നു ഇതുവരെ അമ്മ ഉഷയുടെ മറുപടി. എന്നാല്‍, സ്കൂള്‍ തുറന്നു ദിവസം രണ്ടു പിന്നിട്ടിട്ടും ആ ചോദ്യം അവശേഷിക്കുകയാണ്. പറക്കമുറ്റാത്ത മക്കള്‍ക്ക് ഭക്ഷണമൊരുക്കാന്‍ കഷ്ടപ്പെടുന്ന രോഗിയായ അമ്മക്ക് ആ ചോദ്യത്തിന് ഉത്തരമില്ല.
ഭര്‍ത്താവിന്റെ മരണശേഷം മൂന്നു കുട്ടികളുമായി ദുരിതജീവിതം നയിക്കുകയാണ് ഏറ്റുമാനൂര്‍ നഗരസഭ രണ്ടാം വാര്‍ഡില്‍, അതിരമ്പുഴ റെയില്‍വേ ഗേറ്റിനു സമീപം വാടകവീട്ടില്‍ താമസിക്കുന്ന മഴുവനാല്‍ കുന്നേല്‍ ഉഷ (48) എന്ന വീട്ടമ്മ. വാടക കൊടുക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ വീടൊഴിയണമെന്ന് ഉടമ പറഞ്ഞിരിക്കുകയാണ്. വാടകവീട് വിട്ട് ഇറങ്ങിയാല്‍ എങ്ങോട്ട് പോകുമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്താല്‍ വലയുകയാണ് ഉഷ. ഭര്‍ത്താവ് അനീഷ് 2015ല്‍ തെങ്ങില്‍നിന്ന് വീണു മരിച്ചു.
സ്വന്തമായി ഒരുതുണ്ട് ഭൂമിയോ വീടോ ഇല്ല. ഭര്‍ത്താവിന്റെ മരണശേഷം വീട്ടുജോലികള്‍ ചെയ്ത് കുട്ടികളെ വളര്‍ത്താമെന്ന വിശ്വാസത്തിലായിരുന്നു ഉഷ. എന്നാല്‍, രണ്ടുവര്‍ഷം മുമ്പ് കാലുതെറ്റി വീണതിനെ തുടർന്ന് അൽപ ദൂരംപോലും നടക്കാനാവാത്ത അവസ്ഥയാണ്. അതിനിടയില്‍ ആസ്ത്മയും പിടിപെട്ടു. ഇതോടെ വീട്ടുജോലികള്‍ക്ക് പോകാൻ കഴിയാതെയായി. ആകാശ് (18), ജ്യോതി (15), അര്‍ച്ചന (13) എന്നിവരാണ് മക്കള്‍. വീട്ടിലെ സാമ്പത്തികബുദ്ധിമുട്ട് മൂലം മകന് ആകാശ് പഠനം ഉപേക്ഷിച്ചു. ജ്യോതിയും അര്‍ച്ചനയും പഠിക്കാന്‍ മിടുക്കികളാണ്. അവരെ എങ്ങനെയെങ്കിലും പഠിപ്പിക്കണമെന്നാണ് ഉഷയുടെ മോഹം.
വള്ളി പൊട്ടിപ്പോയ ചെരിപ്പുകള്‍ തുന്നിക്കെട്ടിയാണ് കുട്ടികള്‍ ഉപയോഗിക്കുന്നതെന്ന് ഉഷ സങ്കടം പറയുന്നു. താമസിക്കുന്ന വീടാകട്ടെ ചോര്‍ന്നൊലിക്കുകയാണ്. സ്വന്തമായൊരു വീടെന്ന സ്വപ്നമാണ് ഉഷക്കും കുടുംബത്തിനുമുള്ളത്. ഉദാരമതികളുടെ കാരുണ്യ സ്പര്‍ശത്തിനായി കാത്തിരിക്കുകയാണ് ഈ നിര്‍ധന കുടുംബം. ഏറ്റുമാനൂര്‍ നഗരസഭ ചെയര്പേഴ്സൻ ലൗലി ജോര്‍ജ് പടികരയുടെ നിര്‍ദേശ പ്രകാരം ഇവര്‍ക്കായി കാനറ ബാങ്ക് ഏറ്റുമാനൂര്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പര്‍: 2491101022225. ഐ.എഫ്.എസ്.സി കോഡ്: സി.എന്‍.ആര്.ബി 0002491. ഫോണ്‍: 9947325059.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.