ഹൈസ്കൂൾതലം മുതൽ സ്റ്റാർട്ടപ്പുകൾ തുടങ്ങണം –വിദ്യാഭ്യാസ കോൺക്ലേവ്
text_fieldsഏറ്റുമാനൂർ: അംഗൻവാടികൾ മുതൽ ഉന്നതവിദ്യാഭ്യാസതലം വരെയുള്ള കാലോചിത പരിഷ്കാരങ്ങളും തൊഴിലധിഷ്ഠിത പാഠ്യപദ്ധതിയിലേക്ക് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസരീതി കൂടുതൽ മാറേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്ത് നവകേരളസദസ്സ് ഏറ്റുമാനൂർ കോൺക്ലേവ്.
ഡിസംബർ 14ന് ഏറ്റുമാനൂർ മണ്ഡലത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരളസദസ്സിന്റെ ഭാഗമായി മാന്നാനം കെ.ഇ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവിലാണ് ‘വിജ്ഞാനകേരളം ഇന്നും നാളെയും’ വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചത്.
ഹൈസ്കൂൾ തലം മുതൽ സ്റ്റാർട്ടപ്പുകൾ തുടങ്ങേണ്ടതിന്റെ ആവശ്യകത സെമിനാർ ചൂണ്ടിക്കാട്ടി. കുട്ടികൾക്കു തൊഴിൽ ലഭിക്കുന്നതിന് പ്രാദേശിക ഭരണകൂടങ്ങളടക്കം വലിയ പങ്കുവഹിക്കുന്ന തരത്തിലേക്ക് രീതികൾ മാറണം. ഉന്നതവിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്കു ചേക്കേറുന്നവർ നിലവാരം കുറഞ്ഞ സ്ഥാപനങ്ങളിൽ എത്തിപ്പെട്ട് ചതിക്കപ്പെടുന്ന സംഭവങ്ങൾ ഒഴിവാക്കാൻ കരുതൽ വേണം. പഠനശേഷം വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് ചിന്തിക്കണമെന്നും സെമിനാറിൽ നിർദേശങ്ങളുയർന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഐ.ടി.സി അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മികവു പുലർത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത എം.ജി സർവകലാശാല വൈസ് ചാൻസലർ സി.ടി. അരവിന്ദകുമാർ പറഞ്ഞു.
അംഗൻവാടികളിൽ അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തി ശൈശവദശയിൽ തന്നെ കുട്ടികളിൽ ശക്തമായ അടിത്തറയുണ്ടാക്കിയെടുക്കണമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച എം.ജി സർവകലാശാല മുൻ വൈസ് ചാൻസലറും തിരുവനന്തപുരം ട്രെസ്റ്റ് റിസർച് പാർക്ക് ചെയർമാനുമായ പ്രഫ. സാബു തോമസ് പറഞ്ഞു.
എം.ജി സർവകലാശാല ബയോസയൻസിലെ പ്രഫ. കെ. ജയചന്ദ്രൻ, സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ ഡോ. പി.പി. നൗഷാദ്, പ്രഫ. മിനി തോമസ്, അമലഗിരി ബി.കെ. കോളജ് പ്രിൻസിപ്പൽ പ്രഫ. മിനി തോമസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് കുര്യൻ അധ്യക്ഷതവഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ ബിനു ജോൺ, മാന്നാനം കെ.ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, മാന്നാനം കെ.ഇ കോളജ് പ്രിൻസിപ്പൽ പ്രഫ. ഐസൺ വഞ്ചിപ്പുരക്കൽ, ഏറ്റുമാനൂർ എ.ഇ.ഒ ശ്രീജ പി. ഗോപാൽ, ഏറ്റുമാനൂരപ്പൻ കോളജ് പ്രിൻസിപ്പൽ പ്രഫ. ആർ. ഹേമന്തകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.