ഏറ്റുമാനൂരിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും - മന്ത്രി വി.എൻ. വാസവൻ
text_fieldsഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരത്തിന്‍റെ സുരക്ഷയോടൊപ്പം ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥിരമായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനു തുക അനുവദിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ഏറ്റുമാനൂർ ഇടത്താവളത്തിലെ ഒരുക്കം വിലയിരുത്തുന്നതിനായി ശ്രീ കൈലാസ് ഓഡിറ്റോറിയത്തിൽ കൂടിയ അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി അടിയന്തരമായി തയാറാക്കി നൽകാൻ പൊലീസിന് മന്ത്രി നിർദേശം നൽകി.
പദ്ധതി തയാറാക്കി നൽകിയാലുടൻ എം.എൽ.എ. ഫണ്ടിൽനിന്ന് തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. അഴുക്കുചാലുകൾ, ഓടകൾ എന്നിവ ശാസ്ത്രീയമായി ഒരുക്കുന്നതിന് മാസ്റ്റർ പ്ലാൻ തയാറാക്കാൻ മുമ്പ് ഏറ്റുമാനൂർ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. മാസ്റ്റർ പ്ലാൻ അനുസരിച്ച് പദ്ധതിക്ക് സർക്കാർ സഹായം ആവശ്യമെങ്കിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തീർഥാടകർക്കായി ടോയ്‌ലറ്റ്, കുടിവെള്ളം, മറ്റു സൗകര്യങ്ങൾ എന്നിവയൊരുക്കും. കോവിഡ് സാഹചര്യത്തിൽ വിരിവയ്ക്കൽ, അന്നദാനം എന്നിവ സർക്കാർ നിർദ്ദേശപ്രകാരം നടപ്പാക്കും. റെയിൽവേ സ്‌റ്റേഷനിലും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലും രോഗലക്ഷണങ്ങളുള്ളവർക്കായി കോവിഡ് പരിശോധന സൗകര്യമൊരുക്കും. ഹോമിയോ-ആയുർവേദ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി ക്ഷേത്രദർശനത്തിന് സൗകര്യമൊരുക്കാൻ പൊലീസിനെയും ദേവസ്വം ബോർഡിനെയും ചുമതലപ്പെടുത്തി.
ദേവസ്വംബോർഡംഗം പി.എം. തങ്കപ്പൻ, ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ, സബ് കലക്ടർ രാജീവ് കുമാർ ചൗധരി, ഡിവൈ.എസ്.പി. ജെ. സന്തോഷ്‌കുമാർ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, തഹസിൽദാർ ലിറ്റിമോൾ തോമസ്, ഏറ്റുമാനൂർ നഗരസഭ സെക്രട്ടറി കവിത എസ്. കുമാർ, ദേവസ്വം അസിസ്റ്റന്‍റ് കമ്മിഷണർ വി. കൃഷ്ണകുമാർ, ശ്രീകുമാർ, നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, ഉഷാ സുരേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷേത്രോപദേശക സമിതിയംഗങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.