ഏറ്റുമാനൂരിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും –മന്ത്രി വാസവൻ
text_fieldsഏറ്റുമാനൂർ: ടൗണിെൻറ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് ഏറ്റുമാനൂർ ഇടത്താവളത്തിലെ ഒരുക്കം വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി. കാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി അടിയന്തരമായി തയാറാക്കി നൽകാൻ പൊലീസിന് മന്ത്രി നിർദേശം നൽകി. പദ്ധതി തയാറാക്കി നൽകിയാലുടൻ എം.എൽ.എ ഫണ്ടിൽനിന്ന് തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
തീർഥാടകർക്കായി ടോയ്ലറ്റ്, കുടിവെള്ളം, മറ്റു സൗകര്യം എന്നിവയൊരുക്കും. റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിലും രോഗലക്ഷണങ്ങളുള്ളവർക്കായി കോവിഡ് പരിശോധന സൗകര്യമൊരുക്കും.
ക്ഷേത്രത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. നഗരത്തിൽ അഞ്ചിടങ്ങളിലായി പൊലീസിനെ നിയോഗിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടിയെടുക്കും.
ക്ഷേത്ര മൈതാനം മുതൽ പേരൂർ കവല വരെയുള്ള റോഡിെൻറ ഇരുവശങ്ങളിലും വാഹനപാർക്കിങ് അനുവദിക്കില്ല. വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമൊരുക്കുന്നതിന് നഗരസഭയെയും പൊലീസിനെയും ചുമതലപ്പെടുത്തി. വാഹനവാടക നിരക്ക് നിശ്ചയിക്കുന്നതിനായി സബ് കലക്ടറെ ചുമതലപ്പെടുത്തി. 24 മണിക്കൂറും പൊലീസിെൻറ പ്രത്യേക സംഘം പട്രോളിങ് നടത്തും.
ആരോഗ്യവകുപ്പിെൻറ സഹായകേന്ദ്രവുമുണ്ടാകും. ആശുപത്രിയിൽ രാത്രിയിലും ഡോക്ടറുടെ സേവനം ലഭ്യമാക്കും. എം.സി റോഡിലെയും പൊതുമരാമത്ത് വകുപ്പിെൻറ മറ്റു റോഡുകളുടെയും അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിക്കാൻ എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകി. തീർഥാടകർക്ക് വിവിധ ഭാഷകളിൽ വിവരങ്ങൾ നൽകുന്നതിന് ഇൻഫർമേഷൻ കേന്ദ്രം ഒരുക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകി. മുടക്കമില്ലാതെ വൈദ്യുതി ലഭ്യക്കാനും തകരാറുകൾ ഉടനടി പരിഹരിക്കാനും കെ.എസ്.ഇ.ബി ജീവനക്കാരെ പ്രത്യേകം നിയോഗിക്കാനും മന്ത്രി നിർദേശിച്ചു.
ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ, കലക്ടർ ഡോ. പി.കെ. ജയശ്രീ, സബ് കലക്ടർ രാജീവ് കുമാർ ചൗധരി, ഡിവൈ.എസ്.പി ജെ. സന്തോഷ്കുമാർ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺകുമാർ, തഹസിൽദാർ ലിറ്റിമോൾ തോമസ്, ഏറ്റുമാനൂർ നഗരസഭ സെക്രട്ടറി കവിത എസ്.കുമാർ, ദേവസ്വം അസി. കമീഷണർ വി. കൃഷ്ണകുമാർ, ശ്രീകുമാർ, നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, ഉഷ സുരേഷ്, എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.