നിയന്ത്രണംവിട്ട കാര്‍ രണ്ട് വാഹനങ്ങളിൽ ഇടിച്ചു
text_fieldsഏറ്റുമാനൂര്‍: നിയന്ത്രണംവിട്ട കാര്‍ ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ചുകയറി. അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഏറ്റുമാനൂര്‍ പട്ടിത്താനം കാട്ടാത്തി മടത്തേട്ട് വീട്ടില്‍ ഷിബു കുര്യന് (51) ഗുരുതര പരിക്ക്.
തലക്കും മുഖത്തിനും പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം -എറണാകുളം റൂട്ടില്‍ ഏറ്റുമാനൂര്‍ തവളക്കുഴി ജങ്ഷനുസമീപം തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം.
ഉഴവൂര്‍ കിഴക്കേടത്ത് തോമസ് സ്റ്റീഫന്‍ ഓടിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. ഉഴവൂരില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് വരുകയായിരുന്നു തോമസ്. എതിര്‍ദിശയിലേക്ക് വന്ന ഓട്ടോയിലും പിന്നീട് മറ്റൊരു കാറിലും ഇടിച്ചു. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
നാട്ടുകാര്‍ ചേര്‍ന്നാണ് ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തില്‍പെട്ട രണ്ടാമത്തെ കാര്‍ ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശി ലൂക്ക് എബ്രഹാമിന്റേതാണ്. അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ എം.സി റോഡില്‍ വന്‍ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി അപകടത്തില്‍പെട്ട വാഹനങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ റോഡില്‍നിന്ന് നീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. സംഭവത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു.
നിമിഷങ്ങളുടെ വ്യത്യാസത്തില്‍ മറ്റൊരു അപകടം
ഏറ്റുമാനൂര്‍: തവളക്കുഴിയില്‍ നിയന്ത്രണംവിട്ട കാര്‍ രണ്ട് വാഹനത്തില്‍ ഇടിച്ച് അപകടമുണ്ടായതിന് നിമിഷങ്ങൾക്കു ശേഷം ഇതേസ്ഥലത്ത് വീണ്ടും വാഹനാപകടം. പാർസല്‍ ലോറിയും കാറും കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും അതേ ദിശയിലെത്തിയ കാറുമാണ് കൂട്ടിയിടിച്ചത്. ആദ്യ അപകടത്തെ തുടര്‍ന്ന് രൂപപ്പെട്ട ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ കാര്‍ ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
പൊലീസ് സേവനം ഉറപ്പുവരുത്തണം
ഏറ്റുമാനൂര്‍: തവളക്കുഴിയില്‍ അപകടങ്ങള്‍ പെരുകുകയാണെന്നും ട്രാഫിക് പൊലീസ് സേവനം ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. 10 ദിവസം മുമ്പാണ് സ്കൂട്ടര്‍ യാത്രികയായ കോളജ് വിദ്യാർഥിനി മണിമല മുക്കട കൊച്ചുകാലായില്‍ സനില (19) ഇവിടെ സ്വകാര്യബസിനടിയില്‍പെട്ട് മരിച്ചത്. തൊട്ടടുത്ത ദിവസം കാറും ബൈക്കും കൂട്ടിയിടിച്ചിരുന്നു. അപകടത്തില്‍ കുറവിലങ്ങാട് സ്വദേശി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച മാത്രം രണ്ട് അപകടങ്ങളാണ് നടന്നത്.
റോഡിലെ അനധികൃത പാര്‍ക്കിങ്ങും ഗതാഗതക്കുരുക്കുമാണ് അപകടങ്ങള്‍ക്ക് കാരണം. സമീപത്തെ പരീക്ഷാ സെന്ററിലെത്തുന്ന വാഹനങ്ങള്‍ റോഡരികുകളില്‍ പാര്‍ക്ക് ചെയ്യുകയാണ്. ദിവസേന ചോരവീഴുന്ന ഈ ജങ്ഷനെക്കുറിച്ച് പഠനം നടത്തി അനുയോജ്യമായ ഗതാഗത പരിഷ്കാരങ്ങള്‍ നടത്തണമെന്നും പ്രദേശത്ത് ട്രാഫിക് പൊലീസിനെ നിയോഗിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.