ഏറ്റുമാനൂർ സെന്‍ട്രല്‍ ജങ്ഷൻ; ഗതാഗത സിഗ്നല്‍ നിലച്ചിട്ട് പതിറ്റാണ്ട്
text_fieldsഏറ്റുമാനൂര്‍: കോട്ടയത്തെ ഏറ്റവും തിരക്കേറിയ ജങ്ഷനായ ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനിലെ ട്രാഫിക് സംവിധാനം നിലച്ചിട്ട് 10 വര്‍ഷം. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്തായിരുന്നു സിഗ്നല്‍ സംവിധാനം കൊണ്ടുവന്നത്. ഏതാനും ദിവസത്തെ പ്രവര്‍ത്തനത്തിനുശേഷം ലൈറ്റുകള്‍ കേടായി. എന്നാൽ, ദശാബ്ദത്തോളമായിട്ടും ഇതുവരെ നന്നാക്കിയിട്ടില്ല.
ഏറെ തിരക്കനുഭവപ്പെടുന്ന പ്രദേശമാണ് ഏറ്റുമാനൂർ സെൻട്രൽ ജങ്ഷൻ. എറണാകുളത്തേക്കും കോട്ടയത്തേക്കും മെഡിക്കൽകോളജ് ആശുപത്രിയിലേക്കുമെല്ലാം വാഹനങ്ങൾ പോകുന്നത് ഇതു കടന്നാണ്. നാല് ദിശകളില്‍നിന്നായി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. സിഗ്നൽ ഇല്ലാത്തതിനാൽ പൊലീസുകാരെ നിയോഗിച്ചാണ് നിലവിൽ ഇവിടെ ഗതാഗത ക്രമീകരണം നടത്തുന്നത്. എന്നാൽ, ഇത് പൊലീസിനും തലവേദന സൃഷ്ടിക്കുകയാണ്. രാവിലെയും വൈകീട്ടും ഇവിടെ വാഹനങ്ങളുടെ നീണ്ട നിരയാണ്. സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് പൊലീസുകാരും പറയുന്നു.
പക്ഷേ, വർഷങ്ങളായി സിഗ്നൽ സംവിധാനം കേടായിട്ട് അത് പ്രവർത്തന സജ്ജമാക്കാൻ പൊലീസ് വകുപ്പ് ഉൾപ്പെടെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് സത്യം. വാഹനങ്ങൾ ചീറിപ്പായുന്നതിനാൽ റോഡ് മുറിച്ചുകടക്കാൻ ഉൾപ്പെടെ കാൽനടക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. സിഗ്നലില്ലാത്തതിനാൽ വാഹനങ്ങൾ പലപ്പോഴും തോന്നുംപടി പോകുന്നത് അപകട സാധ്യതയും വർധിപ്പിച്ചിരിക്കുകയാണ്.
10 വര്‍ഷമായിട്ടും നന്നാക്കാത്ത സിഗ്നല്‍ പ്രശ്നം പരിഹരിക്കുന്നതിന് പുതിയതായി ചുമതലയേറ്റ പൊലീസ് മേധാവിക്ക് നിവേദനം നല്‍കുമെന്ന് ഏറ്റുമാനൂര്‍ ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് പറഞ്ഞു. അതിനുള്ള ശ്രമം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.