മീനച്ചിലാറ്റിൽ ജലനിരപ്പ് താഴ്ന്നു; കുടിവെള്ള ക്ഷാമം രൂക്ഷം
text_fieldsഏറ്റുമാനൂർ: മീനച്ചിലാറ്റില്‍ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ജലക്ഷാമം രൂക്ഷം. ഒറ്റപ്പെട്ട വേനൽമഴ ലഭിച്ചെങ്കിലും നദിയിലെ ജലനിരപ്പ് താഴുകയാണ്. പലയിടത്തും നദികളിലെ കുഴികളിൽ മാത്രമാണ് ജലമുള്ളത്.
കിടങ്ങൂരിലെ ചെക്ക് ഡാം വറ്റിവരണ്ട സ്ഥിതിയിലാണ്. ചെക്കുഡാമുകള്‍ക്ക് അടുത്ത് മാലിന്യം കെട്ടിക്കിടന്ന് ജലം മലിനമായിട്ടുണ്ട്. വീടുകളിലെ കിണറുകൾ പലതും വറ്റി. കടപ്ലാമറ്റം, പേരൂര്‍, ചെറുവാണ്ടൂര്‍, കുമ്മണ്ണുര്‍, അതിരമ്പുഴ, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയാണ്. വിലകൊടുത്തു വെള്ളം വാങ്ങാന്‍ ഏജന്റിനെ വിളിച്ച് രണ്ടുദിവസം മുമ്പേ ബുക്കുചെയ്യേണ്ട അവസ്ഥയാണുള്ളത്. കുടിവെള്ളം ദൂരെസ്ഥലങ്ങളിൽനിന്ന് കൊണ്ടുവരണമെന്നാണ് ഏജന്റുമാർ പറയുന്നത്. ഒരു ലോറിക്ക് കുടിവെള്ളത്തിന് 1000 രൂപയാണ് വാങ്ങുന്നത്. പലയിടത്തും പഞ്ചായത്തുവക കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാൻ സാധിക്കുന്നില്ല. ജലമില്ലാത്തത് കര്‍ഷകരെയും ദുരിതത്തിലാക്കി. ചെറുവാണ്ടൂർ പേരൂർ മേഖലകളിലെ വാഴകൃഷി പലയിടത്തും വാടിക്കരിഞ്ഞു. മീനച്ചിലാറിന്റെ വെള്ളമുള്ള ഭാഗങ്ങളിൽനിന്ന് ജലം ശേഖരിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ കുടിവെള്ളം എത്താത്ത സ്ഥലങ്ങളിൽ കൂടുതൽ കുടിവെള്ള എത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.