ഏറ്റുമാനൂർ -പൂഞ്ഞാർ സംസ്ഥാന പാത റോഡ് സുരക്ഷ പ്രവൃത്തികൾ ഇഴയുന്നു
text_fieldsപാലാ: ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന ഹൈവേയിൽ റോഡ് സുരക്ഷാഫണ്ട് വിനിയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ ഇഴയുന്നതായി ആക്ഷേപം. ഒരുവർഷം മുമ്പ് നടപടികൾ ആരംഭിച്ചിട്ടും ഇതേവരെ പണികൾ പൂർത്തിയായിട്ടില്ല.
ഇടപ്പാടി മുതൽ ഭരണങ്ങാനം എ.ആർ.എസ്.സ്കൂളിന് സമീപം വരെയുള്ള ഭാഗത്തെ റോഡ് കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ റോഡ് സേഫ്റ്റി അതോറിറ്റി അനുവദിച്ച തൊണ്ണൂറ്റി അഞ്ചര ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തി ആരംഭിച്ചത്. പൊതുമരാമത്ത് നിരത്ത് വിഭാഗം പാലാ സെക്ഷനാണ് നടത്തിപ്പ് ചുമതല.
എന്നാൽ, അപകടസാധ്യത കുറക്കാൻ ചെയ്യേണ്ട കാര്യങ്ങൾ പലതും എസ്റ്റിമേറ്റിൽനിന്ന് ഒഴിവാക്കപ്പെട്ടുവെന്ന പരാതി ഉയർന്നിട്ടുണ്ട്. റോഡ് സുരക്ഷക്കായി നിർമിക്കുന്ന സാമഗ്രികളിൽ തട്ടി അപകടങ്ങളും നിത്യസംഭവമായി.
കുന്നേമുറി പാലത്തിനു സമീപം നടപ്പാതയിലും റോഡിലുമായി നിർമിച്ചിട്ട കോൺക്രീറ്റ് സ്ലാബിൽ ഇടിച്ചതിനെത്തുടർന്ന് തെന്നിമാറിയ ഓട്ടോയും ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിക്കുകയും മറ്റാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തത് അടുത്തകാലത്താണ്. ഇതോടെയാണ് ഈ സ്ലാബുകൾ മാറ്റിയത്. ഇടപ്പാടി കുന്നേമുറി പാലം മുതൽ മേരിഗിരി ആശുപത്രി ജങ്ഷൻ വരെയുള്ള ഭാഗത്ത് റോഡിന്റെ ഇടതുവശത്ത് നിലവിലുള്ള കോൺക്രീറ്റ് ഓടകൾ അതീവ അപകടാവസ്ഥയിലാണ്. നിരവധി അപകടങ്ങളാണ് ദിനംപ്രതി മേഖലയിൽ ഉണ്ടാവുന്നത്.
പ്രദേശത്ത് നിലവിലുള്ള കോൺക്രീറ്റ് ഓടയും റോഡും തമ്മിൽ പലയിടങ്ങളിലും അര മീറ്ററിൽ താഴെ മാത്രമാണ് അകലമുള്ളത്. ടാറിങ് പ്രതലത്തിൽ നിന്നും ഒരടി താഴ്ചയിലാണ് ബീം നിൽക്കുന്നത്. പലപ്പോഴും വാഹനങ്ങൾ പരസ്പരം സൈഡ് കൊടുക്കുമ്പോൾ എതിരെവരുന്ന വാഹനങ്ങളും കാൽനടയാത്രക്കാരും ഓടയിൽ വീഴുന്നത് നിത്യസംഭവമാണ്.
പ്രദേശത്തെ ഓടകൾക്ക് സുരക്ഷിതമായ കവറിങ് സ്ലാബ് നിർമിക്കുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പ്രതിവിധി. എന്നാൽ, ഇത് നിർമിക്കാനുള്ള നീക്കങ്ങളൊന്നും പൊതുമരാമത്ത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
ഇക്കാര്യങ്ങൾ സൂചിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആദ്യഘട്ടമായി മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ചീഫ് എൻജിനീയർ, വിജിലൻസ് വിഭാഗം എന്നിവിടങ്ങളിൽ പരാതി നൽകാൻ മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ യോഗം തീരുമാനിച്ചു. വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കാത്തപക്ഷം സമാന ചിന്താഗതിയുള്ളവരെ കൂട്ടി ആക്ഷൻ കൗൺസിൽ രൂപവത്കരിക്കും.
വസ്തുതകൾ ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്യാനും യോഗം തീരുമാനിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, ബിനു പെരുമന, അനൂപ് ചെറിയാൻ, സുമിത കോര എന്നിവർ സംസാരിച്ചു.
അന്വേഷണത്തിന് മുഖ്യമന്ത്രി നിർദേശം നൽകി
പാലാ: ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന ഹൈവേയിൽ റോഡ് സുരക്ഷ ഫണ്ട് വിനിയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ഒരുവർഷമായിട്ടും പണികൾ പൂർത്തീകരിച്ചിട്ടില്ലെന്നും അപകടാവസ്ഥയിലുള്ള ഭാഗങ്ങളിൽ അപകടമൊഴിവാക്കാൻ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ആന്റണി രാജു, റോഡ് സുരക്ഷ അതോറിറ്റി, മാണി സി. കാപ്പൻ എം.എൽ.എ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.