തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് ഒഴിപ്പിക്കൽ; പുനരധിവാസത്തിൽ ഭരണപക്ഷത്ത് തർക്കം
text_fieldsകോട്ടയം: തിരുനക്കര ഷോപ്പിങ് കോംപ്ലക്സിൽനിന്ന് ഒഴിപ്പിച്ച വ്യാപാരികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കൗൺസിൽ ചർച്ചക്കിടെ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വാക്തർക്കം. കോൺഗ്രസ് കൗൺസിലർമാരായ എം.പി. സന്തോഷ് കുമാർ, എം.എ. ഷാജി എന്നിവർ ഒരുഭാഗത്തും വൈസ് ചെയർമാൻ ബി. ഗോപകുമാർ എതിർഭാഗത്തുമായിരുന്നു.
ബി. ഗോപകുമാർ ചെയർമാനായ ധനകാര്യ സ്ഥിരം സമിതി തിരുനക്കരയിൽനിന്ന് ഒഴിപ്പിച്ച വ്യാപാരികൾക്ക് നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ താൽക്കാലിക കടമുറികൾ അനുവദിക്കണമെന്ന് കൗൺസിലിന് ശിപാർശ നൽകിയിരുന്നു. പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് 16 കച്ചവടക്കാർക്ക് കടമുറികൾ നിർമിക്കാൻ അനുമതി നൽകണമെന്ന നിർദേശവും ഇവർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, എം.പി. സന്തോഷ് കുമാർ ഇതിനെതിരെ രംഗത്തെത്തി. ഒഴിപ്പിച്ച കച്ചവടക്കാരുടെ പേരുവിവരമടക്കം ഒന്നും കൗൺസിലിന് മുന്നിലെത്തിയിട്ടില്ലെന്നും ചിലരുടെ താൽപര്യമാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും മുൻ ചെയർമാൻ കൂടിയായ സന്തോഷ് കുറ്റപ്പെടുത്തി. കൗൺസിലിൽ വിവരങ്ങൾ എല്ലാം അവതരിപ്പിച്ചശേഷം എല്ലാവർക്കും താൽക്കാലിക സംവിധാനം അനുവദിക്കുകയാണ് വേണ്ടത്. സർവകക്ഷിയോഗ തീരുമാനങ്ങൾ അട്ടിമറിച്ചാണ് ധനകാര്യ സ്ഥിരം സമിതിയുടെ തീരുമാനങ്ങൾ.
പഴയ പൊലീസ് സ്റ്റേഷൻ മൈതാനം നഗരസഭയുടെ ഉടമസ്ഥതയിലല്ലെന്നും സന്തോഷ് കുമാർ പറഞ്ഞു. എന്നാൽ, പഴയ പൊലീസ് സ്റ്റേഷൻ മൈതാനം നഗരസഭയുടേതല്ലെങ്കിൽ അവിടെ സ്റ്റേജ് നിർമിച്ചത് എങ്ങനെയാണെന്നും പാർക്കിങ്ങിനായി പണം പിരിക്കാൻ എന്താണ് അവകാശമെന്നും ഗോപകുമാർ ചോദിച്ചു. നഗരസഭ ഫണ്ട് വകമാറ്റി ഇത്തരത്തിൽ സ്റ്റേജ് നിർമിച്ചത് അന്വേഷിക്കണമെന്നും അന്വേഷണം നടത്തി തുക തിരിച്ചുപടിക്കാൻ സർക്കാറിനോട് ആവശ്യപ്പെടണമെന്നും ഗോപകുമാർ പറഞ്ഞു. ഇതിനുപിന്നാലെ താൽക്കാലിക കടമുറികൾ നൽകിയതിൽ വ്യക്തിതാൽപര്യമാണെന്നും കൗൺസിലിനെ ഇരുട്ടിൽനിർത്താൻ അനുവദിക്കില്ലെന്ന് എം.എ. ഷാജി പറഞ്ഞു.
പിന്നീട് ഷാജിയും ഗോപകുമാറും തമ്മിലും തർക്കുമുണ്ടായി. തിരുനക്കര മൈതാനത്തിലെ നിർമാണമടക്കം അന്വേഷിക്കണമെന്നും സന്തോഷ്കുമാറും ഷാജിയും ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ടൂറിസം വകുപ്പാണ് തിരുനക്കര നവീകരിച്ചത്. പാവപ്പെട്ട കച്ചവടക്കാരുടെ സ്ഥിതി കണ്ടാണ് താൽക്കാലിക കടമുറികൾ അനുവദിക്കാൻ തീരുമാനിച്ചതെന്നും രേഖകളെല്ലാം നഗരസഭ ഫയലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഒരു താൽപര്യവുമില്ലെന്നും ഗോപകുമാർ പറഞ്ഞു. പിന്നീട് ഇടത് അംഗങ്ങൾ അടക്കം വിഷയം ഏറ്റെടുത്തതോടെയാണ് ഇരുകൂട്ടരും തമ്മിലെ ഏറ്റുമുട്ടൽ അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.