തണ്ണീർമുക്കം ബണ്ട് തുറന്നിട്ടും ഒഴിയാതെ പോള ശല്യം
text_fieldsകോട്ടയം: തണ്ണീർമുക്കം ബണ്ട് തുറന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ഒഴിയാതെ പോളശല്യം. ബണ്ട് തുറക്കുമ്പോൾ അപ്പർ കുട്ടനാടൻ മേഖലകളിലേക്ക് ഓരുവെള്ളം ഇറങ്ങി ഭൂരിഭാഗം പായലും പോളയും നശിച്ച് പോകുകയായിരുന്നു പതിവ്. എന്നാൽ, കോടിമതയിലടക്കം പോള ശല്യം തുടരുകയാണ്. ഇതോടെ കോടിമത ബോട്ട് ജെട്ടിയിൽനിന്നുള്ള സർവിസുകൾ നിലച്ചിരിക്കുകയാണ്. കാഞ്ഞിരം ജെട്ടിയിൽനിന്നാണ് ഇപ്പോൾ കോട്ടയം-ആലപ്പുഴ ബോട്ട് സർവിസ്.
ബണ്ട് തുറക്കുന്നതോടെ കോടൂരാറ്റിലെ ജലനിരപ്പ് ഉയരുന്നതും പതിവായിരുന്നു. ഇതിൽ പായൽകൂട്ടങ്ങൾ ഒഴുകിമാറിയിരുന്നു. ഇത്തവണ ഇതുമുണ്ടായിട്ടില്ലെന്ന് ബോട്ട് ജീവനക്കാർ പറയുന്നു. ഇതിനുപകരം കായലിൽനിന്ന് പോള വലിയതോതിൽ ഒഴുകിയെത്തുന്ന സ്ഥിതിയാണ്. ഇതോടെയാണ് ബോട്ട് സർവിസ് കാഞ്ഞിരത്തേക്ക് മാറ്റിയത്. പടിഞ്ഞാറൻ മേഖലയിലെ പല പ്രദേശങ്ങളിലും സമാന പ്രതിസന്ധിയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ബണ്ട് തുറക്കുന്നതോടെ ഉപ്പുവെള്ളം കയറുകയും ദിവസങ്ങൾക്കുള്ളിൽ പോള അഴുകിപ്പോകുകയുമായിരുന്നു. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും പോളശല്യത്തിന് മാറ്റമില്ല. പലസ്ഥലങ്ങളിലും പോള പൂത്ത് തുടങ്ങിയിട്ടുമുണ്ട്. ബണ്ട് തുറക്കുന്നതോടെ ശല്യം ഒഴിയുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് ഇത് തിരിച്ചടിയുമായി.
കാഞ്ഞിരം, പള്ളം, കുമരകം, ആർപ്പൂക്കര, ചെങ്ങളം, ആയ്മനം അടക്കമുള്ള പ്രദേശങ്ങളിലെ തോടുകളിലും പാടശേഖരങ്ങളിലും പോള ശല്യം തുടരുകയാണ്. രൂക്ഷമായ പ്രതിസന്ധിയിലാണ് ചെങ്ങളം അയ്യമാത്ര നിവാസികൾ. അയ്യമാത്ര തമ്പേക്കളം തോട്ടിൽ വെള്ളമുണ്ടെങ്കിലും പോളമൂലം ഇത് ഉപയോഗിക്കാൻ കഴിയുന്നില്ല. കിലോമീറ്ററുകളോളം ദൂരത്തിൽ പോള വന്നടിഞ്ഞതോടെ തോട്ടിലെ ഒഴുക്കും തടസ്സപ്പെട്ടു. പോളയും പായലും തിങ്ങിനിറഞ്ഞ് വെള്ളം മലിനമായതോടെ, വസ്ത്രങ്ങൾ അലക്കാനും കഴിയാതെയായി. പോളയെ വകഞ്ഞുമാറ്റി തോട്ടിൽ ഇറങ്ങിയവർക്ക് പലവിധ ത്വഗ്രോഗങ്ങളും പിടിപെട്ടിരുന്നു. കൊതുക് ശല്യവും രൂക്ഷമാണ്.
പായൽ അടിഞ്ഞത് മത്സ്യബന്ധന തൊഴിലാളികൾക്കും ദുരിതം സമ്മാനിക്കുന്നുണ്ട്. ഏറെ ബുദ്ധിമുട്ടിയാണ് വള്ളങ്ങളിലുള്ള ഇവരുടെ സഞ്ചാരം. അതേസമയം, വൈക്കം മേഖലയിൽ ശല്യം രൂക്ഷമായിരുന്നെങ്കിലും ബണ്ട് തുറന്നതോടെ ഇതിനോട് ചേർന്ന ഭാഗങ്ങളിൽനിന്ന് പോള ഒഴിഞ്ഞുതുടങ്ങിയിട്ടുണ്ട്. ശല്യത്തിന് വലിയതോതിൽ കുറവുവന്നിട്ടുണ്ടെങ്കിലും മുൻകാലങ്ങളിലേതുപോലെ ഇവ നശിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
കാരണം ഉപ്പിന്റെ അളവിലെ കുറവ്
ജലത്തിൽ ഉപ്പുരസത്തിന്റെ അളവിലുണ്ടായ കുറവാണ് പോളകൾ നശിക്കാതിരിക്കാൻ കാരണം. 2108ലെ പ്രളയത്തിനുശേഷമുള്ള പ്രതിഭാസമാണിത്. കടൽജലം കായലിലേക്ക് കയറിവരുന്നതിലെ കുറവാണിതിന് കാരണം. തണ്ണീർമുക്കം ബണ്ട് തുറന്നാലും വലിയതോതിൽ കടൽജലം ഒഴുകിയെത്തുന്നില്ല. മഹാപ്രളയത്തിനുശേഷം ശക്തമായ മഴയാണ് വേനൽക്കാലത്തടക്കം ലഭിക്കുന്നത്. കനത്തമഴയിൽ കായൽ ജലത്തിലെ ലവണാംശം കുറയും. ഒരുലിറ്റർ വെള്ളത്തിൽ 2.5 ഗ്രാം ഉപ്പരസമാണ് കുളവാഴകൾ നശിക്കാൻ വേണ്ടത്. രണ്ടുദിവസം ഇത് നിലനിൽക്കുകയും വേണം. ഇത് പലപ്പോഴുമില്ല.
മൂവാറ്റുപുഴയാറ്റിൽനിന്ന് വലിയതോതിൽ വെള്ളം കടലിലേക്ക് ഒഴുകുന്നതിനാൽ ഇത്തവണ കടൽവെള്ളം കായലിലേക്ക് കയറുന്നതിൽ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, അടുത്ത ദിവസങ്ങളിൽ കൂടുതലായി കടൽജലം ഉള്ളിലേക്ക് എത്തും.
കെ.ജി. പത്മകുമാർ, ഡയറക്ടര്‍ , കുട്ടനാട് കായല്‍ കൃഷി ഗവേഷണ കേന്ദ്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.