മദ്യക്കച്ചവടം പഠിക്കാൻ എക്സൈസ് വകുപ്പ് ഗോവയിലേക്ക്
text_fieldsകോട്ടയം: മദ്യക്കച്ചവടം പഠിക്കാൻ എക്സൈസ് വകുപ്പ് ഗോവയിലേക്ക് വണ്ടി കയറുന്നു. ഇതിന് രണ്ട് ഉദ്യോഗസ്ഥരെ ഗോവയിലേക്ക് അയക്കാൻ എക്സൈസ് വകുപ്പിന് സർക്കാർ അനുമതി നൽകി. ഏതൊക്കെ ഉദ്യോഗസ്ഥരാണ് പോകേണ്ടതെന്ന് എക്സൈസ് കമീഷണർ മഹിപാൽ യാദവ് തീരുമാനിക്കും. ഗോവയിലെ മദ്യനികുതി, ലൈസന്സിങ് സമ്പ്രദായം, പബ്ബുകളുടെയും മദ്യശാലകളുടെയും പ്രവർത്തനരീതി, ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ തുടങ്ങിയവ പഠിക്കുകയാണ് ലക്ഷ്യം. ഗോവയിലെ മദ്യ വിപണന രീതികൾ അവിടത്തെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. നികുതി വകുപ്പിന്റെ യോഗത്തിൽ ഡിസ്റ്റിലറി പ്രതിനിധികളാണ് ഗോവൻ മാതൃകയെ ആദ്യം പുകഴ്ത്തിയത്.
അതിന്റെ അടിസ്ഥാനത്തിൽ ഗോവയിലെ മദ്യ ഉൽപാദനത്തെക്കുറിച്ച് പഠിക്കുന്നതിൽ അഭിപ്രായം ആരാഞ്ഞ് നികുതി വകുപ്പ് എക്സൈസിന് കത്ത് നൽകുകയായിരുന്നു.
ഇതേ തുടർന്നാണ് ഉദ്യോഗസ്ഥ സംഘത്തെ അയക്കാൻ സർക്കാർ നയപരമായി തീരുമാനിച്ചത്. ചെറുകിട മദ്യോൽപാദന കേന്ദ്രങ്ങളുടെ പ്രവർത്തനരീതികൾ പഠിക്കാൻ ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് എക്സൈസ് കമീഷണറെ ബംഗളൂരുവിലേക്ക് അയച്ചിരുന്നു.
കമീഷണർ റിപ്പോർട്ട് നൽകിയെങ്കിലും ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കാനുള്ള നീക്കം വിവാദങ്ങളെത്തുടർന്ന് ലക്ഷ്യംകണ്ടില്ല. ബ്രൂവറികൾ സ്ഥാപിക്കാൻ ചില കമ്പനികൾക്ക് സർക്കാർ പ്രാഥമികാനുമതി നൽകിയെങ്കിലും അതിന് പിന്നിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിക്കുകയും വിഷയം കോടതി കയറുകയും ചെയ്തതിനെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് ഗോവ
ൻ മാതൃക പഠിക്കാനുള്ള നീക്കം. മദ്യത്തിലൂടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന സർക്കാർ, സംസ്ഥാനത്തുതന്നെ സ്പിരിറ്റ് ഉൽപാദിപ്പിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്. വിലകുറഞ്ഞ നല്ല മദ്യം വിൽക്കലാണ് ലക്ഷ്യമെന്നാണ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.