ലഹരിയെ മായ്ക്കാൻ ഓപറേഷൻ ക്ലീൻ സ്ലേറ്റുമായി എക്സൈസ്
text_fieldsകോട്ടയം: വിദ്യാർഥികളിലേക്കും യുവാക്കളിലേക്കും ലഹരിയെത്തുന്ന വഴികൾ അടക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി എക്സൈസ് വകുപ്പ് ആരംഭിച്ച ‘ഓപറേഷൻ ക്ലീൻ സ്ലേറ്റ്’ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വെള്ളിയാഴ്ച വരെ ജില്ലയിൽ അറസ്റ്റിലായത് 158 പേർ. ഇതിൽ 92 േപർ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് പിടിയിലായത്. വെള്ളിയാഴ്ച മാത്രം അഞ്ച് കേസുകളിൽ ഏഴ് പേർ അറസ്റ്റിലായി.
മയക്കുമരുന്ന്, അബ്കാരി, പുകയില ഉൽപന്നങ്ങളുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് മൊത്തം 309 കേസുകളാണ് ആറ് ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത്. ഇതിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 84 കേസുകളിലാണ് 92 അറസ്റ്റ്. അബ്കാരി കേസുകളിലായി 66 പേരും അറസ്റ്റിലായി. മദ്യവിൽപനയുമായി ബന്ധെപ്പട്ടാണ് ഇവരിേലറെയും പിടിയിലായത്. ഇതുവരെ 2.24 കിലോ കഞ്ചാവും പിടികൂടി. ലഹരികടത്തിന് ഉപയോഗിച്ച മൂന്ന് വാഹനങ്ങളും കണ്ടുകെട്ടി.
ഡ്രൈവിന്റെ ഭാഗമായി 200 സ്കൂൾ പരിസരങ്ങളിൽ എക്സൈസ് സംഘം പരിശോധന നടത്തി. ലഹരിമരുന്നുകൾ കണ്ടെത്താൻ ജില്ലയിൽ 322 റെയ്ഡുകളാണ് നടത്തിയത്. ഇതിനുപുറമേ, പൊലീസുമായി ചേർന്ന് റെയിൽവേ സ്റ്റേഷനുകളിലടക്കം 24 തവണയും പരിശോധന നടത്തി. 993 വാഹനങ്ങളും പരിശോധിച്ചു. സ്കൂൾ പരിസരങ്ങൾക്കൊപ്പം മറ്റിടങ്ങളിലും ഡ്രൈവിന്റെ ഭാഗമായി വ്യാപകമായി പരിശോധനകൾ നടത്തി.
വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിലുള്ള ലഹരിഉപയോഗം തടയാൻ ആരംഭിച്ച ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ മാർച്ച് മൂന്നിനാണ് ആരംഭിച്ചത്. 12 വരെ വരെയായിരുന്നു നേരത്തെ സ്പെഷൽ ഡ്രൈവ് തീരുമാനിച്ചതെങ്കിലും പുതിയ സാഹചര്യത്തിൽ ഒരാഴ്ച കൂടി നീട്ടി. സംശയമുള്ള സ്ഥലങ്ങളിലെല്ലാം എക്സൈസ് സംഘം നിരീക്ഷണവും പരിശോധനയും നടത്തിവരികയാണ്.
കാമ്പയിന്റെ ഭാഗമായി വാറന്റുള്ള ലഹരിക്കേസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുടർച്ചയായി ലഹരി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പ്രതികളെ കരുതൽ തടങ്കലിലാക്കും. ലഹരിവിൽപന വ്യാപകമായ ജില്ലയിലെ പ്രത്യേക കേന്ദ്രങ്ങൾ എക്സൈസ് നിരീക്ഷണത്തിലാണ്. ടൂറിസ്റ്റ് ബസുകളിലും അന്തർസംസ്ഥാന ബസുകളിലും പരിശോധന നടത്താനും തീരുമാനമുണ്ട്. ബസുകളിൽ ലഹരിമരുന്ന് എത്തുന്നുവെന്ന സംശയത്തിലാണ് നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.