ആരവം, ആവേശം; മുത്തേരിമട പൂരം
text_fieldsകുമരകം: മുത്തേരിമടയാറിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ ആയിരങ്ങളെ ആവേശഭരിതരാക്കി മുത്തേരിമട പൂരം. ആഗസ്റ്റ് 12ന് പുന്നമടയിൽ നടക്കുന്ന നെഹ്റുട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന കളിവള്ളങ്ങളുടെ തീവ്ര പരിശീലന തുഴച്ചിലിന് സംഘാടകർ മത്സരഛായ പകർന്നതോടെ കുമരകത്ത് ആവേശത്തിമിർപ്പ്. ഒഴുകിയെത്തിയ ആയിരങ്ങളുടെ ആർപ്പുവിളികൾ ആവാഹിച്ച് തുഴക്കാർ തുഴയെറിഞ്ഞതോടെ പ്രദർശനമത്സരത്തിലും ആവേശച്ചൂട്. കുമരകത്തെ മുത്തേരിമടയിൽ പരിശീലനം നടത്തുന്ന വള്ളങ്ങളുടെ പ്രദർശന മത്സരമാണ് ഞായറാഴ്ച നടന്നത്.
കുമരകത്തെ അഞ്ച് ചുണ്ടൻ വള്ളങ്ങളും പ്രദർശനത്തിൽ തുഴയെറിഞ്ഞു. കുമരകം ടൗൺ ബോട്ട് ക്ലബിന്റെ ചമ്പക്കുളം, കുമരകം വേമ്പനാട് ബോട്ട് ക്ലബിന്റെ ചെറുതന, കുമരകംബോട്ട് ക്ലബിന്റെ പായിപ്പാടൻ, എൻ.സി.ഡി.സിയുടെ നിരണം ചുണ്ടൻ, സമുദ്ര ബോട്ട് ക്ലബിന്റെ ആനാരി എന്നിവയാണ് പെങ്കടുത്തത്. ചെറുവള്ളങ്ങളുടെ മത്സരവും നടന്നു. ഇതിൽ അമ്പലക്കടവനും, മൂന്നു തൈയ്ക്കനും ജേതാക്കളായി.
ജലമേളയുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖല ജോസഫ്, വാർഡംഗം ശ്രീജ സുരേഷ്, കൊച്ചുമോൻ അമ്പലക്കടവിൽ, കെ.ജി. ബിനു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.