പി.എസ്.സിയിൽ വ്യാജ സമ്മതപത്രം; ശ്രീജയിൽനിന്ന് ഡിവൈ.എസ്.പി മൊഴിയെടുത്തു
text_fieldsകോട്ടയം: വ്യാജ സമ്മതപത്രം നൽകിയതിനെ തുടർന്ന് പി.എസ്.സി ജോലി നഷ്ടപ്പെട്ട സംഭവത്തിൽ പരാതിക്കാരിയായ പാമ്പാടി കോത്തല സ്വദേശിനി എസ്. ശ്രീജയിൽനിന്ന് കോട്ടയം ഡിവൈ.എസ്.പി െജ. സന്തോഷ്കുമാർ മൊഴിയെടുത്തു. കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവിക്ക് ശ്രീജ നൽകിയ പരാതിയിലാണ് നടപടി. തെൻറ പേരിൽ വ്യാജ സമ്മതപത്രം വാങ്ങാൻ കൊല്ലം സ്വദേശിയോട് നിർദേശിച്ചയാളെ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ വഴി പരിചയമുണ്ടെന്ന് ശ്രീജ പൊലീസിന് മൊഴി നൽകി. തന്നെ നിരന്തരം ഫോണിൽ ബന്ധപ്പെടുമായിരുന്നു. പി.എസ്.സി ഓഫിസിലെത്തി വിവരങ്ങൾ അന്വേഷിച്ച ദിവസം 25 തവണ ഫോണിൽ വിളിച്ചു. ഇയാളാണ് ചതിച്ചത് എന്നു മനസ്സിലാക്കിയതോടെ പിന്നീട് ഫോൺ എടുത്തില്ലെന്നും ശ്രീജ പറഞ്ഞു.
സപ്ലൈകോ അസി. സെയിൽസ്മാൻ തസ്തികയിലേക്കുള്ള കോട്ടയം ജില്ലയിലെ റാങ്ക്ലിസ്റ്റിൽ 233ാം റാങ്ക് നേടിയ ശ്രീജ, 268ാം റാങ്ക് വരെയുള്ളവർക്ക് നിയമനം ലഭിച്ചതിനെ തുടർന്നാണ് പി.എസ്.സി ഓഫിസിൽ അന്വേഷണം നടത്തിയത്. സർക്കാർ ജോലി ഉള്ളതിനാൽ ഈ ജോലി ആവശ്യമില്ലെന്ന് ശ്രീജ സമ്മതപത്രം നൽകിയിരുന്നതായി പി.എസ്.സി അധികൃതർ അറിയിച്ചു. എന്നാൽ, ജോലിയില്ലാത്ത ശ്രീജ അത്തരത്തിലൊരു സമ്മതപത്രം നൽകിയിരുന്നില്ല. തുടർന്ന് പി.എസ്.സി ഓഫിസിൽ പരാതി നൽകി. അന്വേഷണത്തിൽ, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കൊല്ലം സ്വദേശി ആവശ്യപ്പെട്ടതിനെ തുടർന്ന് മൈനാഗപ്പള്ളി സ്വദേശിനിയായ എസ്. ശ്രീജയാണ് സമ്മതപത്രം നൽകിയതെന്ന് കണ്ടെത്തി. ഇരുവരുടെയും പേരും ഇനീഷ്യലും മാത്രമല്ല, ജനനത്തീയതിയും ഒന്നാണ്. എന്നാൽ, മൈനാഗപ്പള്ളി സ്വദേശിനി സിവിൽ സപ്ലൈസ് അസി. സെയിൽസ്മാൻ പരീക്ഷ എഴുതിയിരുന്നില്ല. റാങ്ക്ലിസ്റ്റിൽ തെൻറ പേരുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സമ്മതപത്രം എഴുതി വാങ്ങിയതെന്നാണ് റവന്യൂ വകുപ്പിൽ ജോലിചെയ്യുന്ന ഇവരുടെ വിശദീകരണം. സമ്മതപത്രം വാങ്ങാൻ തന്നോട് നിർദേശിച്ചത് കോട്ടയം സ്വദേശിയായ അസോസിയേഷൻ ഭാരവാഹിയാണെന്ന് കൊല്ലം സ്വദേശിയും പറയുന്നു.
സംഭവത്തിൽ സമ്മതപത്രം നൽകിയ ആൾക്കെതിരെയും കൂട്ടുനിന്നവർക്കെതിരെയും നടപടിയെടുക്കാനും ശ്രീജക്ക് നിയമന ശിപാർശ നൽകാനും പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്. പി.എസ്.സി വിജിലൻസ് വിഭാഗവും അന്വേഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.