വ്യാജ എൻജിന്‍ ഓയിലുകള്‍ വിപണിയില്‍
text_fieldsഏറ്റുമാനൂർ: തട്ടിക്കൂട്ട് കമ്പനികളുടെ ഗുണനിലവാരമില്ലാത്ത എൻജിൻ ഓയിലുകള്‍ വിപണി കൈയടക്കുന്നതായി റിപ്പോര്‍ട്ട്. റീ സൈക്ലിങ് ഓയിലുകള്‍ വിവിധ പേരുകളിലിറക്കി ഗുണനിലവാരമുള്ളവയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കച്ചവടം.
വർക്ക്ഷോപ്പുകള്‍ കേന്ദ്രീകരിച്ചാണ് വിപണനം. കച്ചവടക്കാര്‍ക്ക് ഇരട്ടിയിലധികം ലാഭം നല്‍കുകകൂടി ചെയ്യുന്നതോടെ ബ്രാൻഡഡ് ഓയിലുകളെ പിന്തള്ളിയാണ് വ്യാജന്‍ വിപണി കൈയടക്കിയത്.
ഗുണനിലവാരവും വിശ്വസ്തതയും നിലനിര്‍ത്തി ബ്രാൻഡഡ് കമ്പനികള്‍ വിപണിയിലിറക്കുന്ന ഉല്പന്നങ്ങള്‍ വിറ്റഴിക്കാതെ വരുകയും ഓയില്‍ വില്‍പനയില്‍ വലിയ കുറവ് അനുഭവപ്പെടുകയും ചെയ്തതോടെ ഓട്ടോമൊബൈല്‍ സ്‌പെയര്‍ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് റീസൈക്ലിങ് ഓയിലുകള്‍ വ്യാപകമായി വിപണിയിലെത്തിയതായി കണ്ടെത്തിയത്.
കരിഓയില്‍ കളറിലാക്കും
ഉപയോഗശൂന്യമായ കരിഓയില്‍ ലിറ്ററിന് 30 രൂപ നിരക്കില്‍ വാങ്ങുന്ന തട്ടിക്കൂട്ട് കമ്പനികള്‍ റീ സൈക്ലിങ് പ്രോസസ്സിലൂടെ ഇവയെ വീണ്ടും ഓയിലാക്കി മാറ്റും. തുടര്‍ന്ന് ആകര്‍ഷകമായ കവറിലും ബോട്ടിലുമാക്കി മികച്ച ഗുണനിലവാരമുള്ളവയെന്ന് തെറ്റിദ്ധരിപ്പിച്ച് വിപണിയിലെത്തിക്കും. ഗുണനിലവാരമനുസരിച്ച് വിവിധ ഗ്രേഡുകളായാണ് ഓയിലുകൾ തരംതിരിക്കുന്നത്. ഇതില്‍ എസ്.എന്‍, എസ്.ജെ വിഭാഗത്തില്‍പെടുന്നത് ഉന്നതനിലവാരമുള്ളവയാണ്. ഇത്തരം ഗ്രേഡ് മാര്‍ക്കുകള്‍ പ്രിന്‍റ് ചെയ്താണ് ഇത്തരക്കാര്‍ കച്ചവടം നടത്തുന്നതെന്നും നിലവാരം കുറഞ്ഞ ഓയിലുകള്‍ ഉപയോഗിക്കുന്നതുവഴി വാഹനത്തിന്‍റെ എൻജിൻ തകരാറിലാകുകയും തേയ്മാനം കൂടുകയും വാഹനത്തിന്‍റെ ആയുസ്സ് നഷ്ടമാകുകയും ചെയ്യും. കൂടാതെ കാര്‍ബണിന്‍റെ അളവ് കൂടുകയും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നുവെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
കൊള്ളലാഭം
കരിഓയില്‍ വാങ്ങി റീ സൈക്ലിങ് ചെയ്ത് ഓയില്‍ പുറത്തിറക്കുന്നതിന് ഒരു ലിറ്ററിന് 60 രൂപ മതിയാകും. എന്നാല്‍, ഇവ വർക്ക്ഷോപ്പുകാര്‍ക്ക് വില്‍ക്കുന്നത് 130 രൂപക്കാണ്. എം.ആര്‍.പി ഇടുന്നത് 380 രൂപ മുതല്‍ 400 രൂപ വരെയാണ്. വില്‍പനക്കാരന് ലാഭം 180 മുതല്‍ 200 രൂപ വരെ. അംഗീകൃത കമ്പനികളുടെ ഓയിലിന് വില 380 രൂപയാണ്. ഇത് 350 രൂപ നിരക്കിലാണ് കച്ചവടക്കാര്‍ക്ക് നല്‍കുന്നത്. ലാഭം വെറും 30 രൂപ. 200 രൂപയോളം ലാഭം ലഭിക്കുന്നതിനാല്‍ വർക്ക്ഷോപ്പുകാര്‍ തട്ടിക്കൂട്ട് കമ്പനിയുടെ കെണിയില്‍ വീഴും. ഒറിജിനല്‍ ഓയിലിന്‍റെ വില നല്‍കുകയും വ്യാജ ഓയില്‍ ഉപയോഗിക്കുകയും ചെയ്യേണ്ട ഗതികേടിലാണ് വാഹന ഉടമകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.