മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്; യുവതി നൽകിയത് വ്യാജ ആധാർ കാർഡ്
text_fieldsഗാന്ധിനഗർ (കോട്ടയം): സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ അറസ്റ്റിലായ യുവതി നൽകിയത് വ്യാജ ആധാർ കാർഡും ഫോൺ നമ്പറും. കട്ടപ്പന വലിയാപറമ്പ് മുകളേൽ ശാലിനിയാണ് (22) അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെ ആർപ്പൂക്കര പിണഞ്ചിറക്കുഴിയിലുള്ള കൂട്ടുകാരിയുമൊത്ത് ഒന്നര പവന്‍റെ മുക്കുമാലയുമായി പനമ്പാലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ശാലിനി എത്തിയത്. പിതാവ് ഹൃദയ സംബന്ധമായ രോഗവുമായി മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിലാണെന്നും അടിയന്തരമായി ശസ്ത്രക്രിയ നടത്താൻ പണമില്ലാത്തതിനാലാണ് പണയം വെക്കുന്നതെന്നും സ്ഥാപനത്തിലെ ജീവനക്കാരിയെ പറഞ്ഞു ധരിപ്പിച്ചു. കൂടെയുള്ളത് അനുജത്തിയാണെന്നും പറഞ്ഞു.
അഞ്ജലി എന്നാണ് പേരെന്നാണ് യുവതി സ്ഥാപനത്തിൽ പറഞ്ഞത്. അഞ്ജലിയുടെ ആധാർ കാർഡിന്‍റെ കോപ്പിയും ഫോൺ നമ്പറും രേഖയായി കാണിച്ചു. ഇതിനിടയിൽ യുവതി പണത്തിനായി ധിറുതികൂട്ടുകയും ചെയ്തുകൊണ്ടിരുന്നു. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാരി 40,000 രൂപ പണയത്തുകയായി നൽകി. സംശയം തോന്നിയതിനെ തുടർന്ന് പണയ വസ്തു കൂടുതൽ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ സ്ഥാപന ഉടമ ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിക്കുകയും എസ്.എച്ച്.ഒ ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശാലിനിയെയും കൂട്ടുകാരിയെയും പനമ്പാലത്തെ സ്ഥാപനത്തിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. യുവതിയെ ചോദ്യം ചെയ്തു വരുകയാണ്. മാസങ്ങൾക്ക് മുമ്പ് ശാലിനിയുടെ മാതാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഈ സമയം ആശുപത്രി പരിസരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവെച്ചിട്ടുണ്ട്. ഈ പരിചയത്തിലാണ് ഇവിടെയെത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. അതോടൊപ്പം ഭാര്യ അത്യാസന്ന നിലയിൽ ആശുപത്രിയിലാണെന്നു പറഞ്ഞ് മുക്കുപണ്ടം പണയംവെച്ചതിന്, ശാലിനിയുടെ ഭർത്താവ് സുകേഷിനെ കൊട്ടാരക്കരയിൽനിന്ന് പിടികൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.