നിരക്ക് വർധന: എളുപ്പമല്ല ഇനി ബസ് യാത്ര
text_fieldsകോട്ടയം: വർധിപ്പിച്ച ബസ്-ഓട്ടോ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ കഷ്ടത്തിലായത് സാധാരണക്കാർ. കോവിഡ് കാലത്തെ പ്രതിസന്ധികൾ കഴിഞ്ഞ് ജീവിതം പഴയപോലെയാക്കാൻ നട്ടംതിരിയുകയാണ് ജനം. സാധാരണക്കാരന് ഭാരമേറ്റി ഇന്ധന-പാചകവാതക വിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു.
അതിനിടയിലാണ് ബസ്-ഓട്ടോ നിരക്ക് വർധനയും. സ്ഥിരം യാത്രക്കാരെയാണ് ബസ് നിരക്കുവർധന ഏറെ ബാധിക്കുക. നഗരത്തിലെ ചെറിയ കടകളിലും മെഡിക്കൽ ഷോപ്പുകളിലും തുണിക്കടകളിലും ജോലിചെയ്യുന്ന സ്ത്രീകളാണ് സ്ഥിരയാത്രക്കാരിൽ ഏറെയും. ഇവരിൽ പലർക്കും കോവിഡ് കാലത്ത് ജോലിയുണ്ടായിരുന്നില്ല.
ജോലിയുണ്ടായിരുന്നവർക്കാകട്ടെ ശമ്പളവും വെട്ടിക്കുറച്ചു. കോവിഡ് മാറി കച്ചവടം പച്ചപിടിച്ചുതുടങ്ങിയെങ്കിലും പലരും പഴയ ശമ്പളത്തിലാണ് ജോലിചെയ്യുന്നത്. എല്ലാ മേഖലയിലും വിലക്കയറ്റം വന്നപ്പോഴും ഇവരുടെ ശമ്പളത്തിൽ മാത്രം മാറ്റമില്ല.
തുച്ഛമായ ശമ്പളത്തിൽനിന്ന് ബസ് ചാർജിനായി ഒരുതുക മാറ്റിവെക്കേണ്ട ഗതികേടാണ്. എട്ടുരൂപയായിരുന്ന മിനിമം നിരക്ക് ഇപ്പോൾ 10 ആയി. അതായത് നഗരത്തിലേക്ക് എട്ടുരൂപക്ക് എത്താൻ കഴിയുമായിരുന്ന സ്ഥാനത്ത് ഇനി പത്തുരൂപ കൊടുക്കണം. രണ്ടരക്കിലോമീറ്റർ കഴിഞ്ഞാൽ ഓരോ കിലോമീറ്ററിനും ഒരുരൂപ വർധനവുവരും. 2018ലാണ് അവസാനമായി ബസ് ചാർജ് വർധന വരുത്തിയത്.
മിനിമം നിരക്ക് എട്ടുരൂപയാക്കുകയും കിലോമീറ്റർ നിരക്ക് 70 പൈസയാക്കുകയും ചെയ്തിരുന്നു. ശനിയാഴ്ചവരെ മിനിമം ചാർജായ എട്ടുരൂപക്ക് അഞ്ചുകിലോമീറ്റർ യാത്രചെയ്യാൻ കഴിയുമായിരുന്നു. ഇപ്പോൾ 10 രൂപക്ക് 2.5 കിലോമീറ്റർ യാത്രചെയ്യാനേ കഴിയൂ. കോവിഡ് കാലത്ത് പൊതുവാഹനങ്ങൾ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളായിരുന്നു ആളുകൾ അധികവും ഉപയോഗിച്ചിരുന്നത്.
എന്നാൽ, പെട്രോൾ വില റോക്കറ്റുപോലെ കുതിച്ചുയരുന്നതിനാൽ സ്വന്തമായി വാഹനങ്ങളുള്ളവർ പോലും പൊതുവാഹനങ്ങളിലാണ് യാത്ര. ട്രെയിൻ ഗതാഗതം പഴയപടി ആകാത്തതും വൈകി ഓടുന്നതും കൂടുതൽപേരെ പൊതുവാഹനങ്ങൾ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നു.
കിളി വരുമോ...
കോവിഡ് കാലത്ത് കോട്ടയത്തെ സ്വകാര്യ ബസുകളിൽനിന്ന് അപ്രത്യക്ഷമായ വിഭാഗമാണ് ക്ലീനർമാർ. ജില്ലയിലെ ബസുകളിലൊന്നും ക്ലീനർ ഇല്ല. സർവിസുകൾ നഷ്ടത്തിലായിരുന്നതിനാലാണ് ഇവരെ ഒഴിവാക്കിയത്. ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം കൊടുക്കാനുള്ളതേ കിട്ടുന്നുള്ളൂ. ഇതോടെ ക്ലീനർമാരെല്ലം മറ്റു പണികൾ തേടിപ്പോയി. ബസ് ക്ലീൻ ചെയ്യുന്നതായിരുന്നു ക്ലീനർമാരുടെ പ്രധാന ജോലി. ഇപ്പോൾ ബസുകൾ വീടുകളിൽതന്നെ കഴുകി വൃത്തിയാക്കും. നഗരത്തിൽ നാഗമ്പടം സ്റ്റാൻഡിലും ബസ് കഴുകാനാളുണ്ട്.
പണം കൊടുത്താൽ എല്ലാ ബസുകളും ഇവർ കഴുകിനൽകും. അതോടെ ക്ലീനറില്ലെങ്കിലും പിടിച്ചുനിൽക്കാമെന്ന അവസ്ഥയായി. ആളെ കയറ്റാനും ഇറക്കാനും വാതിലിൽ ആളു വേണമെന്നുമില്ല. 25,000 രൂപ മുടക്കി ഭൂരിഭാഗം ബസുകളിലും ഡ്രൈവർ നിയന്ത്രിക്കുന്ന ന്യുമാറ്റിക് ഡോറുകൾ പിടിപ്പിച്ചു.
ബസ് നിരക്ക് കൂട്ടിയെങ്കിലും കിളി ഉടൻ തിരിച്ചുവരാനിടയില്ലെന്നാണ് ബസുടമകൾ പറയുന്നത്. നിലവിലെ വർധന മൂലം ശരാശരി 1700 രൂപയുടെ വർധനവേ വരൂ. ഇതിൽനിന്ന് 800 രൂപ കിളിക്കും കൊടുത്താൽ പിന്നെയും നഷ്ടമാണെന്നാണ് ബസുടമകളുടെ അഭിപ്രായം.
പെട്രോൾ വില കുറക്കട്ടെ
17 രൂപ ബസ് ചാർജ് കൊടുത്താണ് അമയന്നൂരിൽനിന്ന് കോട്ടയത്തേക്ക് ഞാൻ എന്നും ജോലിക്കുവന്നിരുന്നത്. ഞായറാഴ്ച മുതൽ 20 രൂപയായി. ഇനി മാസം 1000 രൂപ വേണം ബസിനുതന്നെ. പെട്രോൾ വില കൂടിയതുകൊണ്ടാണ് ബസുകാർക്ക് നിരക്ക് വർധിപ്പിക്കേണ്ടി വന്നത്. പെട്രോൾ വില കുറക്കുകയാണ് വേണ്ടത്. കോവിഡ് കാലത്ത് നഷ്ടത്തിലായതിനാൽ ബസുകൾ സർവിസ് നടത്തിയിരുന്നില്ല. അന്നൊരുപാട് കഷ്ടപ്പെട്ടാണ് ജോലിക്കെത്തിയിരുന്നത്. ഇപ്പോൾ ഇതെങ്കിലുമുണ്ടല്ലോ എന്നാണു കരുതുന്നത്.
ടി.വി. മിനി
സെയിൽസ് ഗേൾ, പുളിമൂട്ടിൽ സിൽക്സ്, കോട്ടയം
പുതുക്കിയ നിരക്കുപ്രകാരം കോട്ടയം കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽനിന്ന് മറ്റു സ്ഥലങ്ങളിലേക്കുള്ള ഓർഡിനറി ബസ് നിരക്ക് (പഴയ നിരക്ക് ബ്രാക്കറ്റിൽ).കുമാരനെല്ലൂർ- 13 (10)
മണർകാട്- 15 ( 13)
കുമരകം-18 (15)
കാരിത്താസ് -18 (15 )
ഏറ്റുമാനൂർ -20 (17)
പാമ്പാടി -23 (19)
കറുകച്ചാൽ -28 (24)
ചങ്ങനാശ്ശേരി- 28 (24)
മുട്ടുചിറ- 33 (28)
കുറവിലങ്ങാട്- 33 (28)
തിരുവല്ല -35 (31)
കടുത്തുരുത്തി - 35 (31)
പാലാ- 38 (33)
മോനിപ്പള്ളി- 38 (33)
പൊൻകുന്നം- 43 (37)
തലയോലപ്പറമ്പ് - 43 (37)
കൂത്താട്ടുകുളം- 48 (42)
കാഞ്ഞിരപ്പള്ളി- 48 (42)
വൈക്കം -50 (44)
ഈരാറ്റുപേട്ട- 50 (44)
പൂഞ്ഞാർ- 53 (46)
മുണ്ടക്കയം- 63 (55)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.