അനന്തരവന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാത്യു സ്‌കറിയക്ക് യാത്രാമൊഴി
text_fieldsകൂട്ടിക്കല്‍: കാഞ്ഞിരപ്പള്ളിയില്‍ അനന്തരവന്റെ വെടിയേറ്റ് കൊല്ലപ്പെട്ട കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയക്ക് (രാജു -78) നാട് കണ്ണീരോടെ യാത്രാമൊഴിയേകി.
നിരവധി പേരാണ് പൊട്ടംകുളം വസതിയില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. മാത്യു സ്‌കറിയയുടെ ഉടമസ്ഥതയിലുള്ള വണ്ടന്‍മേട് വെള്ളിമല എസ്റ്റേറ്റിലെ 150 തൊഴിലാളികളും കുടുംബങ്ങളും രാവിലെ തന്നെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. മുതലാളി-തൊഴിലാളി ബന്ധമല്ലാതെ ബന്ധുക്കളെന്നോണം തങ്ങളുടെ എല്ലാ കാര്യത്തിലും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നു ഇവര്‍ പറഞ്ഞു. ''രാജു മൊതലാളി എങ്കള്‍ക്ക് കടവുള്‍. ജോലി, കൂലി, എല്ലാം കൃത്യമായിരുന്നു.
മക്കളുടെ വിവാഹം, വിദ്യാഭ്യാസം എല്ലാത്തിനും രാജുവിന്റെ സഹായം ലഭിച്ചിരുന്നു''- ഇതു പറയുമ്പോള്‍ മണിയമ്മ പൊട്ടിക്കരഞ്ഞു. 11.15ഓടെ പാലാ രൂപത മെത്രാന്‍ ജോസഫ് കല്ലറങ്ങാടിന്റെ നേതൃത്വത്തില്‍ ശുശ്രൂഷകളാരംഭിച്ചു. തുടര്‍ന്നു കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
കഴിഞ്ഞ പ്രളയത്തിൽ തകർന്ന കൂട്ടിക്കൽ ഗ്രാമത്തിലെ പാവപ്പെട്ട ആളുകൾക്കായി രണ്ട് ഏക്കർ 10 സെന്റ് സ്ഥലം സൗജന്യമായി നൽകിയ മാത്യു സ്കറിയ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. അനന്തരവൻമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനിടെയാണ് വെടിയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.