വിലയില്ല: പൈനാപ്പിൾ സൗജന്യമായി നൽകി കർഷകൻ
text_fieldsപൊൻകുന്നം: 23 ഏക്കറിൽ കൈതകൃഷിയുള്ള കർഷകൻ തന്റെ ഉൽപന്നത്തിന് വിപണിയോ വിലയോ ലഭിക്കാതായതോടെ നാട്ടുകാർക്ക് പൈനാപ്പിൾ സൗജന്യമായി നൽകി.
ഇളങ്ങുളം മറ്റപ്പള്ളിൽ ടോമിയാണ് വെള്ളിയാഴ്ച രാവിലെ കൂരാലിയിൽ എലിക്കുളം പഞ്ചായത്ത് ഓഫിസിന് മുന്നിൽ പിക്അപ് വാനിലും പിന്നീട് ജീപ്പിലുമായി രണ്ടര ടണ്ണോളം വിതരണം ചെയ്തത്. ചിലരെങ്കിലും വില നൽകാമെന്ന് അറിയിച്ചെങ്കിലും എല്ലാവർക്കും സൗജന്യമായിതന്നെ നൽകി.
കിലോഗ്രാമിന് 25 രൂപയിൽ താഴെമാത്രം വിലയായതോടെയാണ് നാട്ടുകാർക്ക് ഉപകാരപ്പെടട്ടെ എന്ന് തീരുമാനിച്ചത്. മഴക്കാലമായതോടെ കടകളിലും ആവശ്യം കുറഞ്ഞു. പതിവായി വാങ്ങിയ കടക്കാർ കഴിഞ്ഞ ദിവസങ്ങളിൽ മുമ്പ് വാങ്ങിയതിന്റെ നാലിലൊന്നു പൈനാപ്പിൾ പോലും വാങ്ങാതായി. കിലോക്ക് 35 രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ മുടക്കുമുതൽ പോലും ലഭിക്കില്ലെന്ന് ടോമി പറഞ്ഞു.
സമീപപ്രദേശങ്ങളിലായി 23 ഏക്കറിൽ ടോമിക്ക് കൈതകൃഷിയുണ്ട്. ഇതിൽ മൂന്നേക്കർ മാത്രമാണ് സ്വന്തം ഭൂമി. മറ്റുള്ളതെല്ലാം പാട്ടത്തിനെടുത്ത ഭൂമിയിൽ. റബർ റീപ്ലാന്റ് നടത്തിക്കൊടുക്കാമെന്ന കരാറിലാണ് മറ്റുള്ളവരുടെ വസ്തുവിൽ ഇദ്ദേഹം കൃഷി ചെയ്യുന്നത്.
960 രൂപ ചാക്കിന് വിലയായിരുന്നു പൊട്ടാഷ് വളത്തിന്. ഇപ്പോഴത് 1800 രൂപയോളമായി. എല്ലാ കൃഷിച്ചെലവും വർധിച്ചു. കൃഷിവകുപ്പിൽനിന്ന് ആകെ കിട്ടുന്നത് ഏക്കറിന് 13,000 രൂപ ആനുകൂല്യം. പാട്ടഭൂമിക്ക് ലഭിക്കില്ല. ഒരേക്കർ പൈനാപ്പിൾ കൃഷിക്ക് രണ്ടരലക്ഷം രൂപയാണ്.
കോവിഡ് കാലത്ത് വിപണിയില്ലാതായതോടെ ടോമി കലക്ടറേറ്റ് വളപ്പിൽ പൈനാപ്പിൾ കച്ചവടം നടത്തിയിരുന്നു. കലക്ടറുടെ അനുമതി നേടിയാണ് അന്ന് കച്ചവടം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.