മഴയിൽ നഷ്ടം 4502 കർഷകർക്ക്
text_fieldsകോട്ടയം: കാലവർത്തിൽ ജില്ലയിലെ 4502 കർഷകരുടെ കൃഷി നശിച്ചതായി കൃഷി വകുപ്പിന്റെ റിപ്പോർട്ട്. ജൂൺ ഒന്നുമുതൽ ചൊവ്വാഴ്ച വരെയുള്ള കണക്കാണിത്. ജൂലൈയിലാണ് ഏറ്റവും കൂടുതൽ നാശം.
മൊത്തം 1.1 കോടിയുടെയാണ് നഷ്ടം. മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റും പലയിടങ്ങളിലും കർഷകർക്ക് ദുരിതം വിതച്ചു. വാഴകൃഷിക്കാണ് കാലവർഷം എറ്റവും നാശം സൃഷ്ടിച്ചത്.
ഓണവിപണി ലക്ഷ്യമിട്ട് കർഷകർ വളർത്തിയ ആയിരക്കണക്കിന് ഏത്ത വാഴകളാണ് കാറ്റിലും മഴയിലും ഒടിഞ്ഞുവീണത്. കുലച്ച വാഴകൾ നശിച്ചത് വൻ തിരിച്ചടിയായി.
പച്ചക്കറിക്കും വലിയ നാശം സൃഷ്ടിച്ചു. നാടൻ പച്ചക്കറി വിപണിക്ക് ഇത് ദോഷകരമായി. പച്ചക്കറി തൈകൾ വ്യാപകമായി ചീഞ്ഞ് നശിച്ചു. കടുത്തുരുത്തി, ഞീഴൂർ മേഖലകളിലാണ് കൂടുതൽ നാശം. മഴയിലെ പച്ചക്കറി മേഖലയിലെ നാശം ഓണവിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. റബറും വ്യാപകമായി ഒടിഞ്ഞുനശിച്ചിരുന്നു. 137 നെൽ കർഷകരെയും ദുരിതം ബാധിച്ചു. വേനൽമഴയിൽ 24 കോടിയുടെ നാശമുണ്ടായതിന് പിന്നാലെയാണ് കാലവർഷവും കർഷകർക്ക് തിരിച്ചടി സമ്മാനിച്ചത്.
അതിനിടെ, കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 79 ഓണവിപണി തുറന്നു. കർഷകരിൽനിന്ന് 30 ശതമാനം അധികവില നൽകി ശേഖരിക്കുന്ന പച്ചക്കറികൾ 10 ശതമാനം വിലക്കുറവിലാണ് ഓണവിപണികളിലൂടെ വിൽക്കുന്നത്. കർഷകരിൽനിന്ന് സംഭരിക്കുന്നവക്കൊപ്പം ഹോട്ടികോർപ്പിൽനിന്നുള്ള പച്ചക്കറികളും ഓണച്ചന്തകളിലുണ്ട്.
വിള ഇന്‍ഷുറന്‍സ്: ലഭിക്കാനുള്ളത് 4.72 കോടി
കോട്ടയം: വിള ഇന്‍ഷുറന്‍സ് പദ്ധതിയിൽ ജില്ലയിലെ കർഷകർക്ക് ലഭിക്കാനുള്ളത് 4.72 കോടി. 235 കര്‍ഷകരാണ് പണത്തിനായി കാത്തിരിക്കുന്നത്. ചൂട്, വേനല്‍ മഴ, കാലവർഷം എന്നിവയിൽ കൃഷി നശിച്ചവരാണ് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയത്.
എന്നാൽ, അഞ്ച് മാസത്തിനിടെ ഒരു രൂപപോലും വിതരണം ചെയ്തിട്ടില്ല. കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരാണ് ഇന്‍ഷുറന്‍സ് തുക കിട്ടാൻ കാത്തിരിക്കുന്നത്. ഏപ്രില്‍ വരെയുള്ള നഷ്ടപരിഹാരത്തുക മാത്രമാണ് വിതരണം ചെയ്തിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇന്‍ഷുറന്‍സ് മുടങ്ങുന്നതിനുള്ള കാരണമായി പറയുന്നത്. വ്യക്തികളില്‍നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്താണ് ഭൂരിഭാഗം ആളുകളും കൃഷിയിറക്കിയത്. ഓണം പ്രതീക്ഷിച്ചിറക്കിയ കൃഷി കഴിഞ്ഞ മാസങ്ങളിലുണ്ടായ കാറ്റിലും മഴയിലും നശിച്ചിരുന്നു. ഇവരെല്ലാം പദ്ധിതിൽ നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും തുക ലഭിച്ചിട്ടില്ല. ഓണത്തിന് മുമ്പ് തുക ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇതുവരെ പണം ലഭിച്ചിട്ടില്ല. ഉടൻ തുക ലഭിക്കില്ലെന്ന സൂചനയാണ് കൃഷി വകുപ്പിൽനിന്ന് ലഭിക്കുന്നതെന്നും കർഷകർ പറയുന്നു.
പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശം, വന്യമൃഗങ്ങളുടെ ആക്രമണം, കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ കൃഷി നാശം, നെല്‍കൃഷിയുടെ കീടബാധ എന്നിവക്കാണ് വിള ഇന്‍ഷുറന്‍സ് ലഭിക്കുക.
വന്യമൃഗശല്യവും ഇത്തവണ വ്യാപക കൃഷിനാശത്തിന് കാരണമായിരുന്നു. മീനച്ചില്‍, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശ്ശേരി താലൂക്കുകളിലായി നൂറുകണക്കിന് കര്‍ഷകരുടെ വിളകള്‍ കാട്ടുപന്നി നശിപ്പിച്ചിരുന്നു. ഇവരും തുകക്കായുള്ള കാത്തിരിപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.