കുട്ടി ഓടിച്ച ബൈക്കിടിച്ച് വയോധിക മരിച്ച കേസിൽ പിതാവ് പ്രതി
text_fieldsപാലാ: പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ബൈക്കിടിച്ച് കാൽനടക്കാരി മരിച്ച സംഭവത്തിൽ പിതാവ് പ്രതി. വാഹനത്തിന്റെ രജിസ്റ്റേഡ് ഉടമസ്ഥനായ ളാലം അന്ത്യാളം ഭാഗത്ത് ചെരിവുപുരയിടത്തിൽ വീട്ടിൽ സി.എം. രാജേഷിനെതിരെയാണ് (44) കേസെടുത്തത്. വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത മകനെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകും.
ഫെബ്രുവരി 13 ന് രാവിലെ ആറിന് പ്രവിത്താനം എം.കെ.എം ആശുപത്രിക്കു സമീപം ഉണ്ടായ വാഹനാപകടത്തിൽ കാൽനടക്കാരിയായ അന്തിനാട് മഞ്ഞക്കുന്നേൽ വീട്ടിൽ മാണിയുടെ ഭാര്യ റോസമ്മ മാണിയാണ് (80) മരിച്ചത്. മോട്ടോർ വാഹന ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത (18 വയസ്സിനു താഴെ) ഒരാൾ പൊതുനിരത്തിലൂടെ വാഹനം ഓടിക്കുകയും ഒരു കുറ്റം ചെയ്യുകയും ചെയ്താൽ ആ കുട്ടിയുടെ പിതാവ് അല്ലെങ്കിൽ രക്ഷകർത്താവ് അല്ലെങ്കിൽ വാഹനത്തിന്റെ രജിസ്റ്റേഡ് ഉടമക്ക് മൂന്നു വർഷം വരെ തടവും പിഴയും വരെ ശിക്ഷ ലഭിക്കാം.
കൂടാതെ വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ്സാകുന്നത് വരെ ലൈസൻസ് വിലക്കും. നഷ്ടപരിഹാരത്തുകയും രജിസ്റ്റേഡ് ഉടമ നൽകേണ്ടിവരും. അവധിക്കാലത്ത് കുട്ടികൾ ഇങ്ങനെയുള്ള പ്രവൃത്തികളിൽ ഏർപ്പെടാതിരിക്കാൻ രക്ഷകർത്താക്കൾ ജാഗ്രത കാണിക്കണമെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.