തുരുത്തി ഈരത്ര ഇഞ്ചൻതുരുത്ത് പാടശേഖരത്തിൽ മടവീഴ്ച
text_fieldsചങ്ങനാശ്ശേരി: തുരുത്തി ഈരത്ര ഇഞ്ചൻതുരുത്ത് പാടശേഖരത്തിൽ മടവീഴ്ച. കൃഷിക്കായി കർഷകർ ഒരുക്കിയ 380 ഏക്കർ പാടശേഖരത്തിൽ വെള്ളം കയറി. ബുധനാഴ്ച വൈകീട്ടോടെയാണ് മടവീണത്. 147 കർഷകർ ഉൾപ്പെടുന്നതാണ് ഈരത്ര ഇഞ്ചൻതുരുത്ത് പാടശേഖര സമിതി. നിലം ഒരുക്കാൻ ഒരു കർഷകന് 15,000 രൂപ വീതം ചെലവുണ്ട്. 147 കർഷകരുടെ രൂപയാണ് വെള്ളത്തിലായത്. പാടശേഖരത്തിന്റെ പടിഞ്ഞാറ് കഴിഞ്ഞ ആഴ്ചയാണ് മടവീഴ്ച ഉണ്ടായത്.
27,000 രൂപയോളം മുടക്കിയാണ് ബണ്ട് ബലപ്പെടുത്തിയത്. ഇപ്പോൾ വടക്ക് ഉണ്ടായ മടവീഴ്ചയിൽ ബണ്ട് ബലപ്പെടുത്താൻ 50,000 രൂപയോളം ചെലവ് വരും. വർഷങ്ങൾക്കു മുമ്പാണ് പുറംബണ്ട് നിർമിച്ചത്. ഇതിന് ബലക്ഷയം സംഭവിച്ചതാണ് മടവീഴ്ചക്ക് കാരണമായത്. മൂന്നുവർഷം മുമ്പുണ്ടായ മഴയിൽ ഈ പാടശേഖരത്തെ കൃഷി മുഴുവൻ നശിച്ചിരുന്നു. അതിനും കഴിഞ്ഞതവണ ഉണ്ടായ കൃഷിനാശത്തിനും നഷ്ടപരിഹാരം ലഭിക്കാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ബണ്ടിന്റെ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തണമെന്ന് പാടശേഖരസമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.