കോട്ടയം ജില്ലയിൽ പനി പടരുന്നു: ഒരു മാസത്തിനിടെ 29 പേർ കോവിഡ് ബാധിച്ചു മരിച്ചു
text_fieldsകോട്ടയം: ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻവർധന. ശനിയാഴ്ച മാത്രം 910 പേരാണ് പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. അഞ്ചുപേരെ കിടത്തിച്ചികിത്സക്ക് പ്രവേശിപ്പിച്ചു. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്.
സ്വകാര്യ ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും പനിക്ക് സ്വയം ചികിത്സ നടത്തുന്നവരുടെ എണ്ണവും കൂടി എടുത്താൽ രോഗികൾ ഇരട്ടിയാകും. ശരീരവേദനയോടു കൂടിയ വൈറൽപനിയാണ് മിക്കവർക്കും കാണുന്നത്. മേയ് ആദ്യത്തോടെയാണ് ജില്ലയിൽ പനി വ്യാപകമായിത്തുടങ്ങിയത്. മേയിൽ രോഗികളുടെ എണ്ണം നൂറിൽതാഴെ ആയിരുന്നെങ്കിൽ ജൂണിൽ രോഗികളുടെ എണ്ണം 760 ആയിരുന്നു. ജൂൺ 23ന് 1060 രോഗികളാണ് ഉണ്ടായിരുന്നത്.
തൊട്ടടുത്ത ദിവസം പനി ബാധിതരുടെ എണ്ണം 829 ആയി കുറഞ്ഞെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 15 ആയി വർധിച്ചു. 27, 28, 29 തീയതികളിൽ 1112, 1124, 1014 എന്നിങ്ങനെയായിരുന്നു രോഗികളുടെ എണ്ണം. ഇതിനൊപ്പം 18 പേർക്ക് ഡെങ്കിപ്പനിയും 13പേർക്ക് എലിപ്പനിയും ഒരു ജപ്പാൻ ജ്വരവും റിപ്പോർട്ട് ചെയ്തു. ചിക്കൻ പോക്സും വ്യാപകമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ പത്തുപേർക്കാണ് ചിക്കൻ പോക്സ് ബാധിച്ചത്.
പനിക്കൊപ്പം കോവിഡ് രോഗികളുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. പനി ബാധിച്ച് ആശുപത്രികളിലെത്തുന്ന മിക്കവർക്കും കോവിഡ് സ്ഥിരീകരിക്കുന്ന അവസ്ഥയാണ്. മേയ് 15ന് 31 കോവിഡ് രോഗികൾ മാത്രമുണ്ടായിരുന്ന ജില്ലയിൽ ശനിയാഴ്ച 342 കോവിഡ് രോഗികളായി. തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് തൊട്ടുപുറകെ മൂന്നാമതാണ് ജില്ല. മരിച്ചവരുടെ എണ്ണവും കുറവല്ല. 29 പേർക്കാണ് ജൂൺ ഒന്നുമുതൽ ജൂലൈ ഒന്നുവരെ ജീവൻ നഷ്ടപ്പെട്ടത്. ജൂൺ 20ന് അഞ്ചുപേരുടെ മരണവും 17, 21 തീയതികളിൽ നാലുപേരുടെ മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.