ഒടുവിൽ രാജധാനിയിലെ അലങ്കാര നിർമിതികൾ പൊളിച്ചു
text_fieldsകോട്ടയം: കാത്തിരിപ്പിനൊടുവിൽ കോട്ടയം തിരുനക്കരയിലെ രാജധാനി ഹോട്ടൽ കെട്ടിടത്തിലെ അലങ്കാര നിർമിതികൾ പൊളിച്ചുനീക്കി.അപകടാവസ്ഥയിലായിരുന്നു ഒമ്പത് അലങ്കാര നിർമിതികളാണ്(എടുപ്പുകളാണ്) പൊളിച്ചുമാറ്റിയത്. തിരുനക്കര ബസ്സ്റ്റാൻഡിനകത്ത് കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജധാനി ഹോട്ടൽ കെട്ടിടത്തിന്റെ മുൻഭാഗത്ത് 10 എടുപ്പുകളാണുണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം തകർന്നുവീണ് ലോട്ടറിക്കട ജീവനക്കാരൻ മരിച്ചിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് 18ന് രാത്രിയായിരുന്നു അപകടം. കെട്ടിടത്തിന്റെ ജനാലക്ക് മുകളിൽ അലങ്കാരത്തിന് പിടിപ്പിച്ച എടുപ്പുകളിലൊന്ന് തലയിൽ വീണാണ് ലോട്ടറിക്കട ജീവനക്കാരനായ ജിനോ കെ. എബ്രഹാം മരിച്ചത്.
ഹോട്ടൽ നവീകരണ പ്രവൃത്തിക്ക് നഗരസഭ നൽകിയ അനുമതിയുടെ മറവിലാണ് നടത്തിപ്പുകാരൻ അനധികൃതമായി അപകടകരമായ രീതിയിൽ എടുപ്പുകൾ സ്ഥാപിച്ചത്. തുടർന്ന് അടിയന്തര കൗൺസിൽ യോഗം ചേർന്ന് ഉടൻ തന്നെ എടുപ്പുകൾ പൊളിച്ചുമാറ്റാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ജോലികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ജോലി ഏറ്റെടുത്ത കരാറുകാരന് തുക വൈകിയതായിരുന്നു ഇതിന് കാരണം.
ഇതിനിടെ, കരാറുകാരനുള്ള 97,563 രൂപ അനുവദിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവശേഷിച്ച ഒമ്പത് എടുപ്പും പൊളിച്ചുനീക്കിയത്. കരാറുകാരന് അനുവദിച്ച തുക കെട്ടിടം കൈവശം വെച്ചിരുന്ന ആളിൽനിന്ന് ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം. ഈ ദുരന്തത്തെ തുടർന്നാണ് ബസ്സ്റ്റാൻഡിൽ അപകടാവസ്ഥയിലാണെന്നു കണ്ടെത്തിയ മറ്റ് കെട്ടിടങ്ങൾ പൊളിക്കാൻ കലക്ടർ അടിയന്തരമായി ഉത്തരവിട്ടത്. ആ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയിട്ടും ഹോട്ടൽ കെട്ടിടത്തിന്റെ എടുപ്പുകൾ നീക്കിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.