പുരാവസ്തു വിൽപനകേന്ദ്രത്തിൽ തീപിടിത്തം
text_fieldsകോട്ടയം: ചാലുകുന്നിലെ പുരാവസ്തു വിൽപനകേന്ദ്രത്തിൽ തീപിടിത്തം. കടയുടെ ഒരു ഭാഗം കത്തിനശിച്ചു. പഴയ തടിയുരുപ്പടികളാണ് നശിച്ചവയിൽ ഏറെയും. ഞായറാഴ്ച പുലർച്ച 6.30 ഓടെയായിരുന്നു സംഭവം. അഗ്നിരക്ഷ സേന ഉടൻ എത്തിയതിനാൽ വൻ തീപിടിത്തം ഒഴിവായി.
ചാലുകുന്നിൽനിന്ന് ചുങ്കം റോഡിലേക്ക് തിരിയുന്ന വളവിൽ കുമ്മനം സഫാ മൻസിലിൽ മൻസൂറിന്റെ ഉടമസ്ഥതയിലുള്ള പുരാവസ്തു ഷോപ്പിനാണ് തീപിടിച്ചത്. ഇതുവഴിയെത്തിയ വഴിയാത്രികൻ തീപടരുന്നത് കണ്ട് കോട്ടയം അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ ടി.സി. ശിവകുമാറിന്റെ നേതൃത്വത്തിൽ മൂന്ന് ഫയർ യൂനിറ്റ് സ്ഥലതെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. തീനിയന്ത്രണവിധേയമാക്കിയതിനെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ പുരാവസ്തുശേഖരങ്ങൾ സംരക്ഷിക്കാൻ സാധിച്ചെന്ന് സേനാംഗങ്ങൾ പറഞ്ഞു. ഒരുഭാഗത്തെ വസ്തുക്കൾ മാത്രമാണ് കത്തിയത്. നിരവധി കൊത്തുപണികളോടു കൂടിയ തടി ഉരുപ്പടികളും പഴയ സംഗീതോപകരണങ്ങളും അടക്കം ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാധനങ്ങൾ കടക്കുള്ളിൽ ഉണ്ടായിരുന്നു. ഇവയിലേക്ക് തീപടരുന്നതിന് മുമ്പ് അണക്കാൻ സാധിച്ചു. സി.സി ടി.വിയുടെ വയറിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകരണമെന്നാണ് പ്രാഥമിക നിഗമനം.
രക്ഷാപ്രവർത്തനത്തിൽ ടി.എൻ. പ്രസാദ്, ജിതേഷ് ബാബു, സി.എസ്. അജിത് കുമാർ, വി. അനീഷ്, ഷിബു മുരളി, കിഷോർ, അഹമ്മദ് ഷാഫി അബ്ബാസി, അനീഷ് ശങ്കർ, സാഹിൽ ഫിലിപ്പ്, അപർണ കൃഷ്ണൻ, ഗീതുമോൾ, അനുമോൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.