വസ്ത്രശാലയിൽ തീപിടിത്തം; വൻ നാശനഷ്ടം
text_fieldsതലയോലപ്പറമ്പ്: വസ്ത്രവ്യാപാര സ്ഥാപനത്തിനും മാരുതി കാറിനും തീപിടിച്ച് വൻ നാശനഷ്ടം. തലയോലപ്പറമ്പ് പാലത്തിന് സമീപത്തെ ഇരുനില കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ‘ഹാഫ്സാ’ വസ്ത്രശാലയിലാണ് തീപിടിത്തം. ഞായറാഴ്ച പുലർച്ച 1.30ഓടെയായിരുന്നു സംഭവം.
ഓണക്കച്ചവടം ലക്ഷ്യമിട്ട് സ്റ്റോക് ചെയ്തിരുന്ന തൂണിത്തരങ്ങൾ പൂർണമായി കത്തിനശിച്ചു. തുണികൾക്കൊപ്പം തയ്യൽ മെഷീനുകൾ, മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയും നശിച്ചു. കെട്ടിടത്തിനും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. കെട്ടിടത്തോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന കാറിനും തീ പിടിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. അഗ്നിരക്ഷാസേന എത്തി സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും എ.ടി.എമ്മിലേക്കും തീപടരുന്നത് തടഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽനിന്ന് നാലു ഫയർ യൂനിറ്റ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നു. വൈക്കം ഫയർ സ്റ്റേഷൻ ഓഫിസർ ടി. ഷാജികുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.