സംസ്ഥാനത്ത് ആദ്യം: കോട്ടയത്ത് കോവിഡ് ബാധിതർക്കായി ഓക്സിജൻ പാർലർ
text_fieldsകോട്ടയം: വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് രക്തത്തിലെ ഓക്സിജൻ നില പരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ ഓക്സിജന്‍ ലഭ്യമാക്കുന്നതിനും ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നു. ആദ്യ പാര്‍ലര്‍ മണര്‍കാട് സെൻറ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് വീടുകളില്‍ കഴിയുന്ന രോഗികള്‍ക്കായി ഇത്തരമൊരു സംവിധാനം സജ്ജീകരിക്കുന്നത്.
കലക്ടര്‍ എം. അഞ്ജന ഉദ്ഘാടനം ചെയ്തു. ജില്ല പൊലീസ് മേധാവി ഡി. ശില്പയും സന്നിഹിതയായിരുന്നു. കോവിഡ് ബാധിതരില്‍ ഭൂരിഭാഗം പേരും വീടുകളില്‍ കഴിയുന്ന സാഹചര്യം പരിഗണിച്ചാണ് പ്രാദേശികതലത്തില്‍ പാര്‍ലറുകള്‍ ഒരുക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. ഓക്സിജന്‍ നിലയില്‍ പെട്ടെന്ന് വ്യതിയാനമുണ്ടായാല്‍ ചികിത്സ ലഭിക്കാന്‍ താമസമുണ്ടായേക്കുമെന്ന ആശങ്ക അകറ്റാനും ഇത് ഉപകരിക്കും. വീട്ടിൽ കഴിയുന്ന കോവിഡ് ബാധിതർ പ്രോട്ടോക്കോള്‍ പാലിച്ച് പാര്‍ലറില്‍ എത്തിയാല്‍ പരിേശാധന നടത്താനും ആവശ്യമെങ്കില്‍ ഓക്സിജന്‍ സ്വീകരിക്കാനും കഴിയും. 24 മണിക്കൂറും ഓക്സിജൻ ലഭ്യമാക്കാൻ കഴിയുന്ന കോൺസെൻട്രേറ്റർ മെഷീൻ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു മിനിറ്റിൽ അഞ്ചുലിറ്റർ ഓക്സിജൻ (93 ശതമാനം) ലഭ്യമാക്കാൻ കഴിയും. അന്തരീക്ഷത്തിലെ ഓക്സിജനാണ് യന്ത്രത്തില്‍ ശേഖരിക്കുന്നത്. അതുകൊണ്ടുതന്നെ സ്റ്റോക്ക് തീരുന്ന സാഹചര്യമില്ല.
സജ്ജീകരിക്കുന്നതിന് 50,000 രൂപയോളം വരെ ചെലവുവരും കോവിഡ് രോഗി പാർലറിൽ എത്തി രണ്ടുമിനിറ്റ് വിശ്രമിച്ചശേഷം ആദ്യം പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍ നില പരിശോധിക്കും. ഇത് 94 ശതമാനത്തിൽ കൂടുതലാണെങ്കിൽ ഓക്സിജൻ പാർലർ ഉപയോഗിക്കേണ്ടതില്ല. എന്നാൽ, ഓക്സിജന്‍ നില 94 ശതമാനത്തിൽ കുറവാണെങ്കിൽ കിയോസ്കിനുള്ളിലുള്ള ഓക്സിജൻ മാസ്ക് സാനിറ്റൈസ് ചെയ്തശേഷം മൂക്കും വായയും മൂടുന്ന രീതിയിൽ ധരിച്ച് മെഷീൻ ഓൺ ചെയ്താൽ മെഷീനിൽനിന്ന് ഓക്സിജൻ ലഭിച്ചുതുടങ്ങും.
10 മിനിറ്റ് ഉപയോഗിച്ചശേഷം വീണ്ടും ഓക്സിജൻ നില അളക്കുമ്പോള്‍ ഓക്സിജൻ 94 ശതമാനത്തിൽ മുകളിലായാൽ രോഗിക്ക് വീട്ടിലേക്ക് മടങ്ങാം. അല്ലെങ്കിൽ വീണ്ടും ഒന്നോ രണ്ടോ തവണ കൂടി മെഷീൻ ഉപയോഗിക്കാം. ജില്ലയിലെ എല്ലാ സി.എഫ്.എല്‍.ടി.സികളിലും സൗകര്യപ്രദമായ മറ്റു കേന്ദ്രങ്ങളിലും ഈ സംവിധാനം സജ്ജമാക്കുമെന്നറിയിച്ച കലക്ടര്‍ കൂടുതല്‍ മെഷീനുകള്‍ ലഭ്യമാക്കുന്നതിന് സന്നദ്ധ സംഘടനകളുടെയും റെസി. അസോസിയേഷനുകളുടെയും വ്യക്തികളുടെയും സഹകരണം അഭ്യർഥിച്ചു. സി.എഫ്.എൽ.ടി.സി നോഡൽ ഓഫിസർ ഡോ. ഭാഗ്യശ്രീ, ജില്ല മാസ് മീഡിയ ഓഫിസർ ഡോമി ജോൺ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.