ഫിഷ് ഗാലക്സി; കൊതിയൂറും കടൽവിഭവങ്ങളുമായി മത്സ്യഫെഡ് റസ്റ്റാറന്റ്
text_fieldsകോട്ടയം: കടൽവിഭവങ്ങളുടെ രുചിവിതറാൻ നാഗമ്പടത്ത് മത്സ്യഫെഡിന്റെ റസ്റ്റാറന്റ് വരുന്നു. നാഗമ്പടം മുനിസിപ്പൽ പാർക്കിന് സമീപത്ത് മത്സ്യഫെഡിന്റെ അക്വേറിയം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് റസ്റ്റാറന്റ് തുറക്കുന്നത്. മത്സ്യഫെഡിന്റെ ജില്ലയിലെ ആദ്യ കടൽ വിഭവ റസ്റ്റാറന്റാണിത്. ‘ഫിഷ് ഗാലക്സി’ എന്ന പേരിൽ ഒരുങ്ങുന്ന ഇതിന്റെ നിർമാണം പുരോഗമിക്കുകയാണ്.
2000 ചതുരശ്രയടി വിസ്തീർണമുള്ള ഹാളിനുള്ളിലെ നിർമാണം പൂർത്തിയായശേഷം കെട്ടിടത്തിന്റെ പരിസരം വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്യും. പാർക്കിങ്ങിനുള്ള സൗകര്യങ്ങളും ഒരുക്കും.
ഇവിടെ പ്രവർത്തിച്ചിരുന്ന അക്വേറിയം പ്രളയത്തിൽ നശിച്ചതോടെ കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. 12 വർഷം മുമ്പാണ് നാഗമ്പടത്ത് ‘ഫിഷ് ഗാലക്സി’ പേരിൽ മത്സ്യഫെഡ് പബ്ലിക് അക്വേറിയം ആരംഭിച്ചത്. 2000 ചതുരശ്രയടി വിസ്തീർണമുള്ള ഹാളിൽ 50 ടാങ്കുകളിലായി സമുദ്ര-ശുദ്ധ ജലങ്ങളിലായി ജീവിക്കുന്ന അലങ്കാര മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്.
2018ലെ മഹാപ്രളയത്തിൽ അക്വേറിയം പൂർണമായി നശിച്ചു. കെട്ടിടത്തിനും വലിയതോതിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. വീണ്ടും അക്വേറിയം തുറക്കാൻ ആലോചന നടന്നെങ്കിലും പിന്നീട് കടൽ വിഭവ റസ്റ്റാറന്റ് എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. കോട്ടയത്ത് ഇത് വൻ വിജയമാകുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ.
നഗരസഭയുടെ 20 സെന്റ് സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. റസ്റ്റാറന്റിനൊപ്പം ചെറിയതോതിൽ അക്വേറിയവും ഒരുക്കും.
കടലിൽ നിന്നുള്ള എല്ലാ വിഭവങ്ങളും ആവശ്യമനുസരിച്ച് തയാർ ചെയ്തു നൽകും. നിർമാണം പാതിപിന്നിട്ടതായും താൽക്കാലികമായി നിർത്തിയ ജോലികൾ ഉടൻ പൂർത്തിയാക്കുമെന്നും മത്സ്യഫെഡ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.