മീനിന് തീവില; മത്തിയും തൊട്ടാൽ പൊള്ളും
text_fieldsകോട്ടയം: മീനോ മീന്‍ചാറോ ഇല്ലാതെ എങ്ങനെ ചോറുണ്ണുമെന്ന് ചിന്തിക്കുന്നവരെ അങ്കലാപ്പിലാക്കി മീൻ വില റെക്കോഡ് ഉയരത്തിൽ. മീനിൽ തൊട്ടാൽ കൈപൊള്ളുമെന്നതാണ് സ്ഥിതി. മത്തിക്കുപോലും തീവില. വ്യാഴാഴ്ച മത്തിക്ക് കിലോക്ക് 340 മുതൽ 370 രൂപവരെയായിരുന്നു വില. ട്രോളിങ് നിരോധനത്തിന് മുമ്പുതന്നെ ഉയർന്നുനിന്ന വില ഇതിനുശേഷം കുതിക്കുകയായിരുന്നു. ട്രോളിങ് നിരോധനത്തിന് മുമ്പ് മത്തിവില 320 രൂപയായിരുന്നു. ഇതാണ് ദിവസങ്ങൾക്കുള്ളിൽ 370ൽ എത്തിയിരിക്കുന്നത്.
മത്സ്യലഭ്യതയിലെ കുറവും ട്രോളിങ് നിരോധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. കടല്‍ക്ഷോഭം കാരണമുള്ള ലഭ്യതക്കുറവും വില കുതിക്കാന്‍ കാരണമായി. 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുന്നത്. സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പില്‍ പച്ചമീന്‍ വിപണി എത്തിയതോടെ സാധാരണക്കാരുടെ തീന് മേശയില്‍നിന്ന് മീന്‍ വിഭവങ്ങള്‍ ഔട്ടായി. വില കൂടിയതോടെ വീട്ടുമുറ്റങ്ങളിലേക്ക് വാഹനങ്ങളിൽ എത്തിയിരുന്ന കച്ചവടക്കാരിൽ പലരും വിൽപന താൽക്കാലികമായി നിർത്തി. ഇപ്പോഴും കച്ചവടം തുടരുന്നവരാകട്ടെ അളവ് വെട്ടിക്കുറച്ചു.
പലരും മീൻവാങ്ങുന്നില്ലെന്ന് കച്ചവടകാർ പറയുന്നു. സാധാരണക്കാരുടെ കൈകളിൽ പണമില്ലാത്ത സ്ഥിതിയാണ്. മഴമൂലം ജോലി മുടങ്ങുന്നതിനിടെ മീനിന്റെ ഉയർന്ന വില സാധാരണക്കാർക്ക് ദുരിതവുമായിരിക്കുകയാണ്. വില കുതിച്ചുകയറിയതോടെ പല വീടുകളിലും മീൻ ഒഴിവാക്കി ചിക്കൻ വാങ്ങുന്നുണ്ട്. ഇതോടെ ചിക്കനും നേരിയ തോതിൽ വില ഉയർന്നിട്ടുണ്ട്. എന്നാൽ, മീനുമായി തട്ടിച്ചുനോക്കുമ്പോൾ പകുതി വിലയ്ക്ക് കോഴിയിറച്ചി ലഭിക്കുമെന്ന് ഇവർ പറയുന്നു. പല ഹോട്ടലുകളും മീൻ ഒഴിവാക്കി തുടങ്ങിയിട്ടുമുണ്ട്. മത്തിക്കുപോലും ഇത്രയും വിലയായ സ്ഥിതിക്ക് മീൻ നൽകിയാൽ കച്ചവടം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ചുങ്കത്തെ ഹോട്ടൽ ഉടമ പറഞ്ഞു. ഇതോടെ ഊണ്ണിനൊപ്പം മീൻ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മീനിനെക്കാൾ കുറഞ്ഞ വിലയിൽ ബീഫ് ലഭിക്കുമെന്നും ഹോട്ടൽ ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
അയല -340, കിളി -260 എന്നിങ്ങനെയായിരുന്നു കോട്ടയത്തെ മറ്റ് മീനുകളുടെ വില. കടല്‍ മീന്‍ വില കയറുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്ന വളര്ത്തുമീന് വിലയും കുതിക്കുകയാണ്. തിലോപ്പിയ -200, കട്ല -200, രോഹു -220 എന്നിങ്ങനെയാണ് വില ഉയര്‍ന്നത്. കഷണം മീന്‍ വിലയിലും വലിയ കുതിപ്പാണ്. സാധാരണ 500 രൂപയില്‍ താഴെ നിന്ന വെള്ള മോത വില 580 രൂപയായി. 400 കടക്കാത്ത കേര 460 രൂപയിലും തള 480 രൂപയിലും എത്തിനില്‍ക്കുന്നു. ആയിരത്തിനടുത്തോ കടന്നോ വിലയാകുമെന്നതിനാല് കാളാഞ്ചി, വറ്റ, നെയ്മീന് എന്നിവ സാധാരണ മീന്കടകളില്നിന്ന് അപ്രത്യക്ഷമായി. കായൽ മത്സ്യങ്ങൾക്കും വില ഉയർന്നുനിൽക്കുകയാണ്. കിട്ടാനില്ലാത്ത സ്ഥിതിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.