വന്നവഴി മറന്നില്ല; കത്തിക്കയറിയ മത്തിവില താഴേക്ക്
text_fieldsകോട്ടയം: കത്തിക്കയറിയ മത്തിവില ഒടുവിൽ താഴേക്ക്. കിലോക്ക് 380 രൂപ വരെയെത്തി ‘ഗമ’ കാട്ടിയ മത്തി ഒടുവിൽ സാധാരണക്കാരന്റെ ചട്ടിയിൽ. കോട്ടയത്ത് ബുധനാഴ്ച മത്തിക്ക് 200-250 രൂപയാണ് വില. അടുത്ത ദിവസങ്ങളിൽ വില ഇനിയും കുറയുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
മത്തിവില സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കിലോക്ക് 400 വരെയായി കുതിച്ചതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞിരുന്നു. ‘മത്തി ഇത്ര അഹങ്കാരം പാടില്ല, വന്നവഴി മറക്കരുത്, എന്നും ഞങ്ങളാണ് ചേര്‍ത്ത് നിര്‍ത്തിയിരുന്നത്’ എന്നൊക്കെയായിരുന്നു കമന്റുകള്‍. വില ഉയർന്നതോടെ സാധാരണക്കാർ മത്തിയെ കൈവിട്ടിരുന്നു. ഇപ്പോൾ ‘പണക്കാരൻ’ പരിവേഷം മാറിയതോടെ മത്തിക്ക് ആവശ്യക്കാരും ഏറി. വിലകുറഞ്ഞതോടെ കച്ചവടം കുതിച്ചുയർന്നതായി കച്ചവടക്കാർ പറയുന്നു.
മത്സ്യബന്ധന വള്ളക്കാര്‍ക്ക് മീന്‍ ലഭ്യത കൂടിയതും കടലില്‍ പോവാന്‍ അനുകൂലമായ കാലവസ്ഥ സംജാതമായതുമാണ് വില ഇടിയാന്‍ കാരണമായത്. മഴയും കാറ്റുംമൂലം മത്സ്യബന്ധനത്തിന് വിലക്കുണ്ടായിരുന്നു. ഇത് നീക്കിയതിനൊപ്പം പതിവിന് വിപരീതമായി വലിയതോതിൽ മത്തിയും ലഭിച്ചു. സാധാരണ ഈ സീസണില്‍ ചെമ്മീന്‍, നത്തോലിയാണ് വള്ളക്കാര്‍ക്ക് ലഭിക്കാറ്. ഇത്തവണ മത്തിയും ലഭിച്ചു. കഴിഞ്ഞദിവസങ്ങളിൽ കണ്ണൂര്‍, കോഴിക്കോട്, വടകര ഭാഗങ്ങളിൽ മത്തിക്ക് കിലോക്ക് 100 രൂപവരെയായി വില താഴ്ന്നിരുന്നു.
എന്നാല്‍, അയല വിലയില്‍ വലിയ മാറ്റം വന്നിട്ടില്ല. കിലോക്ക് കോട്ടയത്ത് 300-320 രൂപ ഇപ്പോഴും കൊടുക്കണം. വരും ദിനങ്ങളില്‍ അയല വിലയും ഇടിഞ്ഞേക്കുമെന്നാണ് സൂചനയെന്ന് വ്യാപാരികൾ പറയുന്നു. കിളിമീൻ ഇപ്പോഴും പൊള്ളും. നേരത്തേ മത്തിയെ കടത്തിവെട്ടിയ കിളിയുടെ വിലയിൽ നേരിയ കുറവുണ്ടെങ്കിലും ഇപ്പോഴും 300ന് മുകളിൽ തുടരുകയാണ്.
വലുതിന് കിലോക്ക് 350 രൂപവരെയാണ് വില. അതേസമയം, ടോളിങ് നിരോധനം തുടരുന്നതിനാൽ വലിയ മീനിന്റെ വിലയില്‍ കാര്യമായ കുറവില്ലെന്ന് വാങ്ങാനെത്തിയവര്‍ പറയുന്നു. വെള്ള വറ്റ വലുത് -700, കാളാഞ്ചി-790, മോത വലുത് -1180, വിളമീൻ - 450 എന്നിങ്ങനെയാണ് വില. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറിയ വ്യത്യാസമുണ്ടാകുമെങ്കിലും കേരക്ക് 480 രൂപവരെ കൊടുക്കണമെന്നതാണ് സ്ഥിതി.
കൂരിക്ക് പോലും കിലോ 320 രൂപയാണ്. ചെറിയ മീനുകളുടെ ലഭ്യത കൂടിയെങ്കിലും വലിയ ഇനങ്ങള്‍ കാര്യമായി ലഭിക്കാത്തതാണ് വില ഉയര്‍ന്നുനില്‍ക്കാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. കായൽ മീനുകൾക്കും വിലയിൽ വലിയ കുറവുണ്ടായിട്ടില്ല. ഇവയുടെ ലഭ്യത കാര്യമായിട്ട് ഉയർന്നിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.