അഞ്ചു വയസ്സുകാരിയുടെ മൊഴിയെടുത്തു; പരിക്കിെൻറ കാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചില്ല
text_fieldsഗാന്ധിനഗർ (കോട്ടയം): മൂവാറ്റുപുഴയിൽ വാടകക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ മകൾ അഞ്ചു വയസ്സുകാരിയുടെ മൊഴി മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കിെൻറ കാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപവത്കരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.
കഴിഞ്ഞ 27നാണ് കുട്ടിയെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി മൂവാറ്റുപുഴ വനിത എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ, ആരോഗ്യനില മോശമായതിനാൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല. ശരീരത്തിലുണ്ടായ പരിക്ക് എങ്ങനെയെന്ന് കണ്ടെത്താൻ കുട്ടിയുടെ സൈക്കിൾ കൊണ്ടുവന്നു പരിശോധന നടത്തിയിരുന്നു.
ശരീരത്തിെൻറ സ്വകാര്യ ഭാഗങ്ങളിലും കുടലിലും ഉണ്ടായ പരിക്ക് എങ്ങനെയെന്ന് കണ്ടെത്താനാണ് മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ തീരുമാനിച്ചത്. കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് പി. സവിതയുടെ നേതൃത്വത്തിൽ ഗൈനക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി, സർജറി, ഫോറൻസിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് മെഡിക്കൽ ബോർഡ് രൂപവത്കരിക്കുന്നത്.
ബാലാവകാശ കമീഷൻ ഇടപെടണം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ കഴിയുന്ന അസം സ്വദേശി ദമ്പതികളുടെ അഞ്ചു വയസ്സുകാരി കുട്ടിയുടെ കാര്യത്തിൽ ബാലാവകാശ കമീഷൻ ഇടപെടണമെന്ന് ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന ശിശു അവകാശ സംരക്ഷണ സൊസൈറ്റി സൗരക്ഷിക ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി സേതു ഗോവിന്ദ്, സംഘടന സെക്രട്ടറി വി.ജെ. രാജമോഹനൻ തുടങ്ങിയവർ വെള്ളിയാഴ്ച ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചശേഷമാണ് ഈ ആവശ്യം ഉന്നയിച്ചത്. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ ഉണ്ടായ മുറിവുകൾ സംശയാസ്പദമാണ്. വിശദ പരിശോധനകൾ ആവശ്യമാണ്.
മെഡിക്കൽ ബോർഡുകൂടി വസ്തുതകൾ വിശദമായി വിലയിരുത്തി സത്യാവസ്ഥ പുറത്തു വരേണ്ടതുമുണ്ട്. കുട്ടി സൈക്കിളിൽനിന്ന് വീണ് പരിക്കേറ്റതാണെന്ന പൊലീസിെൻറ നിഗമനം സംശയമുളവാക്കുന്നതാണ്. ദ്വിഭാഷിയുടെ സഹായത്തോടെ കുട്ടിയിൽനിന്ന് വിശദമൊഴി രേഖപ്പെടുത്തണം. കേരളത്തിൽ വർധിച്ചുവരുന്ന ബാലപീഡനങ്ങളിൽ ജനങ്ങൾ ഭീതിയിലാണ്. ഇത്തരം കേസുകളിൽ ബാലനീതി നിയമം ഉറപ്പാക്കുന്നതിന് അധികൃതർ അടിയന്തരമായി ഇടപെടണമെന്നും സൗരക്ഷിക ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.