പ്രളയം: വൈദ്യുതി പുനഃസ്ഥാപനം അന്തിമഘട്ടത്തിൽ, 3.10 കോടിയുടെ നിർമാണം പൂർത്തിയാക്കി
text_fieldsകോട്ടയം: കനത്തമഴയും ഉരുൾപ്പൊട്ടലും മൂലം കിഴക്കൻ മേഖലയിലുണ്ടായ വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനായി 3.10 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കെ.എസ്.ഇ.ബി. തകർന്ന വൈദ്യുതി സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിനുള്ള നിർമാണപ്രവർത്തനങ്ങളാണ് കാഞ്ഞിരപ്പള്ളി, പാറത്തോട്, കൂട്ടിക്കൽ, എരുമേലി, മുണ്ടക്കയം ഭാഗങ്ങളിൽ കെ.എസ്.ഇ.ബി നടത്തുന്നതെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബിഞ്ചു ജോൺ പറഞ്ഞു.
വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനായി 181 ഹൈ ടെൻഷൻ പോസ്റ്റുകളും 255 ലോ ടെൻഷൻ പോസ്റ്റുകളും സ്ഥാപിച്ചു. 43.5 കിലോമീറ്റർ ലോടെൻഷൻ ലൈനുകളും 12 കിലോമീറ്റർ ഹൈടെൻഷൻ ലൈനുകളും പുനഃസ്ഥാപിച്ചു. 16 ട്രാൻസ്ഫോമറുകൾ പൂർണമായി തകർന്നതിൽ 12 എണ്ണത്തിെൻറ തകരാർ പരിഹരിച്ചു. നാലു ട്രാൻസ്ഫോമറുകളിലേക്കുള്ള ലൈനുകൾ പുനഃക്രമീകരിച്ച് രണ്ട് ട്രാൻസ്ഫോർമറുകളുടെ കീഴിൽ കൊണ്ടു വരുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. 40 എൽ.ടി പോസ്റ്റുകളും വിവിധ സ്ഥലങ്ങളിലായി 1.5 കിലോമീറ്റർ എൽ.ടി ലൈനുകളുമാണ് പുനഃസ്ഥാപിക്കാനുള്ളത്. 93 ഉപയോക്താക്കൾക്ക് കൂടി വൈദ്യുതി ലഭ്യമാക്കേണ്ടതുണ്ട്.
റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണത്തിനു ശേഷമേ ഇതു സാധ്യമാവൂ. വീട് പൂർണമായും നഷ്ടപ്പെട്ടവരും വിവിധ ക്യാമ്പുകളിൽ കഴിയുന്നവരുമാണ് ഉപയോക്താക്കൾ. ഇവരുടെ പാർപ്പിട സൗകര്യം സജ്ജമാകുന്ന മുറക്ക് വൈദ്യുതി കണക്ഷൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.