വെള്ളപ്പൊക്ക ഭീഷണി: മുക്കടയിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിയണം
text_fieldsഈരാറ്റുപേട്ട: ഈരാറുകളുടെ സംഗമകേന്ദ്രമായ മുക്കട ഭാഗത്ത് നിലവിലുള്ള ചെക്ക്ഡാം പൊളിച്ച് റെഗുലേറ്റർ കം ബ്രിഡ്ജ് പണിയണമെന്ന ആവശ്യം ശക്തമാകുന്നു. അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന ചെക്ക് ഡാമാണ് വെള്ളപ്പൊക്കം രൂക്ഷമാകാൻ കാരണമെന്ന് വിവിധ പഠനങ്ങളിൽ ബോധ്യപ്പെട്ടിട്ടും തീരുമാനം വൈകുകയാണ്.
മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിയണമെന്ന ആവശ്യം ഐകകണ്ഠ്യേന നഗരസഭ കൗൺസിലും അംഗീകരിച്ചതാണ്. 10 അടി പൊക്കത്തിൽ 180 അടി വീതിയിലാണ് നിലവിലെ ചെക്ക്ഡാം നിർമിച്ചിരിക്കുന്നത്. കുത്തിയൊലിച്ചു വരുന്ന വെള്ളം ഒഴുകിപ്പോകാൻ രണ്ടര അടി വീതിയിൽ മൂന്ന് കിളിവാതിലാണുള്ളത്. ഉരുൾവെള്ളത്തോടൊപ്പം തടി ഉൾപ്പെടെ ഭാരംകൂടിയ സാധനങ്ങൾ ഇടിച്ച് വാതിൽ തുറക്കാൻ പറ്റാതായി. ആറിന്റെ അടിഭാഗത്തുനിന്ന് ചെക്ക്ഡാമിന്റെ മതിലിന് പത്തടി പൊക്കമുണ്ടെങ്കിലും ഏകദേശം അഞ്ച് അടിയോളം ചളി അടിഞ്ഞിരിക്കുകയാണ്. ചളിവാരി മാറ്റിയാലും ചുരുങ്ങിയ നാളുകൾകൊണ്ട് വീണ്ടും അടിയും.
മഴക്കാലത്ത് പൂർണമായി ഷട്ടറുകൾ തുറന്ന് വിടാനും വേനൽക്കാലത്ത് ഷട്ടറുകൾ താഴ്ത്തി ജലംസംഭരിച്ച് നിർത്താനും റഗുലേറ്റർ കം ബ്രിഡ്ജുകൊണ്ട് സാധിക്കും.
വടക്കേക്കരയെയും അരുവിത്തുറയെയും ബന്ധിപ്പിച്ചു വരുന്ന റഗുലേറ്റർ കം ബ്രിഡ്ജിലൂടെയുള്ള പുതിയ റോഡ് രണ്ട് പ്രദേശത്തിന്റെയും വികസനത്തിനും വഴി തുറക്കും. ഇലക്ട്രിക് സംവിധാനത്തിൽ പാലത്തിലെ ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യാൻ സാധിക്കുമെന്നതിനാൽ നദിയിലെ ജലനിരപ്പ് ക്രമീകരിക്കാനും കഴിയും. ഈ പാലം യാഥാർഥ്യമായാൽ മുട്ടം ജങ്ഷനിലെയും സെൻട്രൽ ജങ്ഷനിലെയും ഗതാഗതക്കുരുക്കിന് പരിഹാരമാകും. പദ്ധതി വന്നാൽ ജലം മറ്റയ്ക്കാട്, തേവരുപാറ, ഈറ്റിലക്കയം, വാക്കാപറമ്പ്, അരുവിത്തുറ, വല്ലച്ചൻ മല എന്നിവിടങ്ങളിൽ ടാങ്കുകൾ നിർമിച്ച് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനും കഴിയും. നഗരസഭക്ക് വരുമാനം ലഭിക്കുന്ന ടൂറിസം സാധ്യതകളുമുണ്ട്. പലവിധത്തിൽ പ്രയോജനം ചെയ്യുന്ന പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.