ഭക്ഷ്യവിഷബാധ; കടുത്തുരുത്തിയിൽ പശു ചത്തു
text_fieldsകോട്ടയം: കാലിത്തീറ്റയിൽനിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് കടുത്തുരുത്തിയിൽ പശു ചത്തു. കടുത്തുരുത്തി വട്ടക്കേരിയിൽ ജോബി ജോസഫ് എന്ന ക്ഷീരകർഷകന്റെ പശുവാണ് ചത്തത്.
കാലിത്തീറ്റയിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് ജില്ലയിൽ നിരവധി പശുക്കൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതിനിടെയാണ് ഒരു പശു ചത്തത്. ജില്ലയിൽ ആദ്യത്തെ മരണമാണിത്. പോസ്റ്റ്മോർട്ടത്തിന് നടപടി സ്വീകരിച്ചതായി ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശ്ശേരി അറിയിച്ചു. ജില്ലയിലെ 11 പഞ്ചായത്തിൽ കാലത്തീറ്റ കഴിച്ച പശുക്കൾക്ക് വിശപ്പില്ലായ്മ, വയറിളക്കം, മന്ദത, പാലുൽപാദനക്കുറവ് എന്നിവ റിപ്പോർട്ട് ചെയ്തിരുന്നു. ബുധനാഴ്ച 16 കർഷകരുടെ 50 പശുക്കൾക്കുകൂടി രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസം ആർപ്പൂക്കര, കൊഴുവനാൽ, മുളക്കുളം, ഞീഴൂർ, കടുത്തുരുത്തി, മീനടം, കടപ്ലാമറ്റം, അതിരമ്പുഴ, പാമ്പാടി, കറുകച്ചാൽ, വാഴൂർ എന്നിവിടങ്ങളിലായി 23 കർഷകരുടെ 104 പശുക്കൾക്ക് അസുഖം സ്ഥിരീകരിച്ചിരുന്നു. അതിനിടെ, അസുഖബാധിതരായ പശുക്കളിൽനിന്ന് പരിശോധനക്ക് എടുത്ത രക്തസാമ്പിളിൽ രോഗാണുക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കരൾ പ്രവർത്തന പരിശോധനഫലവും സാധാരണനിലയിലാണെന്നും ചീഫ് വെറ്ററിനറി ഓഫിസർ ഡോ. മനോജ് കുമാർ അറിയിച്ചു.
കാലിത്തീറ്റ സാമ്പിൾ, ചാണകം എന്നിവ കൂടുതൽ പരിശോധനകൾക്ക് തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ചികിത്സാ പുരോഗതി ചീഫ് വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തിൽ വിലയിരുത്തി. രോഗലക്ഷണങ്ങൾ കണ്ട പശുക്കൾക്ക് നിർജലീകരണത്തിനുള്ള ചികിത്സ, ആന്റിബയോട്ടിക്, ലിവർ ടോണിക് എന്നിവ അഞ്ചുദിവസത്തേക്ക് തുടരുന്നതിന് നിർദേശിച്ചിട്ടുണ്ട്. മറ്റ് പശുക്കൾ രോഗാവസ്ഥയിൽനിന്ന് മെച്ചപ്പെടുന്ന സ്ഥിതിയാണെന്ന് വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.