സമരവാഴക്കുല ലേലത്തിന്
text_fieldsകോട്ടയം: സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മാടപ്പള്ളിയിലെ സമരപ്പന്തലിന് സമീപം നട്ട വാഴയിലുണ്ടായ കുല ലേലത്തിന്. സമര വാഴക്കുലയെന്ന് പേരുനൽകിയ ഇത് ശനിയാഴ്ച പരസ്യമായി ലേലംചെയ്യും. 2022ലെ പരിസ്ഥിതി ദിനത്തില്‍ പ്രതിഷേധ സമര ഭാഗമായാണ് മാടപ്പള്ളി സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹ സമരപ്പന്തലിനുസമീപം വാഴനട്ടത്.
ഇതിന്റെ വിളവെടുപ്പും പരസ്യലേലവും ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് സമരപ്പന്തലില്‍ നടക്കുന്ന ചടങ്ങിൽ സമരസമിതി ജില്ല ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷതവഹിക്കും. ലേലത്തില്‍ ലഭിക്കുന്ന തുകയുടെ പകുതി തങ്കമ്മയുടെ ഭവനനിര്‍മാണത്തിനും ബാക്കി തുക കോട്ടയം ജില്ലയിലെ സില്‍വര്‍ലൈന്‍ സമരക്കാരുടെ കേസിന്റെ ആവശ്യത്തിനും ചെലവഴിക്കുമെന്ന് ബാബു കുട്ടന്‍ചിറ പറഞ്ഞു. സമരത്തോട് അനുഭാവമുള്ള എല്ലാവരും ഓൺലൈനായും നേരിട്ടും ലേലത്തിന്റെ ഭാഗമാകുമെന്നും ഇതിലൂടെ വലിയൊരു തുക സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരിലെ കൊഴുവന്നൂരില്‍ തങ്കമ്മയെന്ന വീട്ടമ്മയുടെ അടുപ്പിൽ സില്‍വര്‍ പദ്ധതിയുടെ മഞ്ഞക്കുറ്റി ഇട്ടശേഷം മന്ത്രി സജി ചെറിയാന്, ഇവർക്ക് പുതിയ വീട് വെച്ചുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മന്ത്രി വാക്കുപാലിക്കാതെ വന്നതോടെ സില്‍വർലൈന്‍ വിരുദ്ധ ജനകീയ സമിതി തങ്കമ്മക്ക് വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചു. ഈ മാസം 27ന് രമേശ് ചെന്നിത്തല വീടിന് തറക്കല്ലിടും. ലേലത്തുകയിൽ പകുതി ഇതിനായി വിനിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.