വനവിസ്തൃതി കൂട്ടില്ല; നിലവിലെ വനഭൂമി സംരക്ഷിക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ
text_fieldsകോട്ടയം: വനവിസ്തൃതി കൂട്ടുന്ന നടപടികളിലേക്ക് സർക്കാർ നീങ്ങില്ലെന്നും എന്നാൽ, നിലവിലെ വനഭൂമി സംരക്ഷിക്കുന്ന കാര്യത്തിൽ ശുഷ്കാന്തി കാണിക്കുമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ. സാമൂഹിക വനവത്കരണ വിഭാഗം മുഖേന വനം വന്യജീവി വകുപ്പ് ആവിഷ്കരിച്ച് തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെയും സ്കൂളിലെ ഫോറസ്ട്രി ക്ലബിന്റെയും ഉദ്ഘാടനം തലയോലപ്പറമ്പ് സെന്റ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി നാശത്തിനെതിരെ പ്രകൃതിസംരക്ഷണത്തിലൂടെയുള്ള പ്രതിരോധത്തിനാണ് ശ്രമിക്കേണ്ടത്. അതിനായി പുതുതലമുറയിൽ അവബോധം സൃഷ്ടിക്കാനാണ് വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്. കോട്ടയം ജില്ലയിൽ 24 വിദ്യാവനം പദ്ധതികൾ വിജയകരമായി നടപ്പാക്കി. ഇരുപത്തിയഞ്ചാമത്തേതാണ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പദ്ധതി. വൈക്കം മണ്ഡലത്തിൽ രണ്ടുലക്ഷം രൂപയുടെ വിദ്യാവനം പദ്ധതി ഒരു സ്കൂളിൽ കൂടി ഈ സാമ്പത്തികവർഷം നടപ്പാക്കും. നല്ലനിലയിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഫോറസ്ട്രി ക്ലബുകളിലെ കുട്ടികൾക്ക് വനംവകുപ്പിന്റെ ചെലവിൽ ഇക്കോടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടാണ് മന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്. 2023ലെ വനമിത്ര പുരസ്കാരത്തിന് അർഹനായ ടി.എൻ. പരമേശ്വരൻ നമ്പൂതിരിയെ കുറിച്ചിത്താനത്തെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ജില്ലയിലെ മികച്ച വിദ്യാവനത്തിനുള്ള പുരസ്കാരം കോട്ടയം സി.എം.എസ് കോളജിനും സമ്മാനിച്ചു. സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. സർപ്പ വളന്റിയേഴ്സിനുള്ള യൂനിഫോം, സുരക്ഷ ഉപകരണങ്ങൾ എന്നിവ കെ.എഫ്.ഡി.സി അധ്യക്ഷ ലതിക സുഭാഷ് വിതരണം ചെയ്തു.
കോട്ടയം വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ഫീൽഡ് ഡയറക്ടറുമായ പി.പി. പ്രമോദ്, കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കൺസർവേറ്റർ എ.പി. സുനിൽ ബാബു, ഫോറസ്റ്റ് കൺസർവേറ്റർ നീതുലക്ഷ്മി, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ, വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷിജി വിൻസന്റ്, ഷാനോമോൻ, അസി. ഫോറസ്റ്റ് കൺസർവേറ്റർ കെ.ബി. സുഭാഷ്, സ്കൂൾ മാനേജറും പ്രിൻസിപ്പലുമായ ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധി എം.കെ. ഷിബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.