പുലിക്ക് കെണിയൊരുക്കി വനം വകുപ്പ്
text_fieldsമുട്ടം: നാട്ടുകാരെ ഒന്നാകെ ഭീതിയിലാക്കി പാഞ്ഞുനടക്കുന്ന പുലിയെ പിടികൂടാൻ ഇരുമ്പുകൂട് സ്ഥാപിച്ചു. കരിങ്കുന്നം പഞ്ചായത്തിലെ ഇല്യാരിയിലാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. കൂട്ടിൽ പുലി കയറുമോ എന്ന് നോക്കി കാത്തിരിക്കുകയാണ് നാട്ടുകാർ. വിവിധ സ്ഥലങ്ങളിൽ പുലിയെ കണ്ടതോടെ ഒന്നിലധികം പുലിയുണ്ടോ എന്ന സംശയത്തിലുമാണ് നാട്ടുകാർ. ഒരുമാസം മുമ്പ് വളർത്തുമൃഗങ്ങളെ ഉൾപ്പെടെ കാണാതെ വന്നപ്പോഴാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. പുലിയെന്ന് പലരും സംശയം പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. തുടർന്ന് നാട്ടുകാരിൽ പലരും പുലിയെ കണ്ടു. എന്നിട്ടും വിശ്വസിക്കാതെ വന്നതോടെയാണ് വനം വകുപ്പ് കാമറ സ്ഥാപിച്ചത്.
ഈമാസം 16ന് കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. ഇതേ തുടർന്നാണ് തിങ്കളാഴ്ച കൂട് സ്ഥാപിച്ചത്. വൈകീട്ട് നാലോടെ ചത്ത കോഴിയെ ഇരയാക്കി കെട്ടിത്തൂക്കിയാണ് കൂട് സ്ഥാപിച്ചത്. ഇതിനിടെ തിങ്കളാഴ്ച പുലർച്ച പുലിയെ കണ്ടുവെന്ന് പറഞ്ഞ് ജോംസ് ജോസഫ് എന്ന നാട്ടുകാരനും രംഗത്തെത്തിയതോടെ പ്രദേശത്തിന്റെ ഉറക്കംകെടുത്തി.
‘ഓട്ടോറിക്ഷക്ക് മുന്നിൽ പുലി ചാടി; വ്യക്തമായി കണ്ടു’
തിങ്കളാഴ്ച പുലർച്ച കടയിലേക്ക് ആവശ്യമായ പച്ചക്കറി വാങ്ങാൻ പോയപ്പോഴാണ് ഓട്ടോറിക്ഷക്ക് മുന്നിൽ പുലി വന്നത്. ഒറ്റല്ലൂർ പാലത്തിന്റെ സമീപത്തോടെ പതിയെ നടന്ന് പോവുകയായിരുന്നു പുലി. വാഹനത്തിന്റെ വെളിച്ചത്തിൽ പുലിയെ വ്യക്തമായി കണ്ടു. ഉടൻ ബ്രേക്ക് ചവിട്ടിയ ശേഷം വണ്ടി വട്ടംതിരിച്ച് വീട്ടിലേക്ക് മടങ്ങി. മൂന്ന് അടിയോളം ഉയരവും ഒരു മീറ്ററോളം നീളവും കാണും. വാലിനും നല്ല നീളമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.