‘വാസവനെ തോൽപിച്ചത് മറന്നേക്കൂ, ചാഴികാടൻ സ്വന്തം സ്ഥാനാർഥി’; പാർട്ടി സ്ഥാനാർഥിയായി കണ്ട് പരിഗണിക്കണമെന്ന് എം.വി. ഗോവിന്ദൻ
text_fieldsകോട്ടയം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി.എൻ. വാസവനെ തോൽപിച്ചത് മറന്നേക്കണമെന്നും കോട്ടയത്ത് തോമസ് ചാഴികാടനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി തന്നെ പരിഗണിക്കണമെന്നും ജില്ലയിലെ നേതാക്കള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിര്‍ദേശം. എൻ.ഡി.എ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാലും പരമ്പരാഗതമായി ഈഴവവിഭാഗത്തിൽനിന്ന് ലഭിച്ചുവന്ന വോട്ടുകള്‍ ചോരാതിരിക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം നിർദേശം നൽകി. ജില്ലയിലെ ചില പരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി.
ചാഴികാടൻ മത്സരിച്ചാൽ സി.പി.എമ്മുകാർ തോൽപിക്കുമെന്ന പരാമർശം കേരള കോൺഗ്രസ്-എമ്മിൽ നിന്നുൾപ്പെടെയുണ്ടായ സാഹചര്യത്തിലാണ് എം.വി. ഗോവിന്ദന്റെ നിർദേശം. സ്ഥാനാര്‍ഥികളെ ഒരുമിച്ച് പ്രഖ്യാപിക്കുന്ന ഇടതുമുന്നണിയിലെ പതിവ് തെറ്റിച്ചാണ് കഴിഞ്ഞ ദിവസം തോമസ് ചാഴികാടന്റെ സ്ഥാനാര്‍ഥിത്വം ഒരുമുഴം മുമ്പേ പ്രഖ്യാപിച്ചത്. ശക്തമായ മത്സരം നടക്കുമെന്ന് ഇടതുമുന്നണി വിലയിരുത്തുന്ന കോട്ടയത്ത് സി.പി.എം നേതൃത്വത്തിന്റെകൂടി നിര്‍ദേശപ്രകാരമായിരുന്നു മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം.
യു.ഡി.എഫ് അനുകൂല മണ്ഡലമായി വിലയിരുത്തുന്ന കോട്ടയത്ത് പ്രചാരണത്തില്‍ മേല്‍ക്കൈ നേടുകയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ എൽ.ഡി.എഫിന്റെ ലക്ഷ്യം. എം.ജി സര്‍വകലാശാല ജീവനക്കാരുടെ സംഘടനാ സമ്മേളനത്തില്‍ ചാഴികാടനായി എം.വി. ഗോവിന്ദൻ ആദ്യ വോട്ട് അഭ്യര്‍ഥനയും നടത്തി. കേരളത്തിൽ ആദ്യമായി എൽ.ഡി.എഫ് സ്ഥാനാർഥിയായി ചാഴികാടനെ പ്രഖ്യാപിച്ചെന്നും അദ്ദേഹത്തെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കാണെന്നുമാണ് ഗോവിന്ദൻ വ്യക്തമാക്കിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ചാഴികാടൻ ജില്ലയിലെ പ്രധാന സി.പി.എം നേതാവായ ഇപ്പോഴത്തെ മന്ത്രി വി.എന്‍. വാസവനെ തോല്പിച്ചാണ് എം.പി ആയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.