സിവിൽ സർവിസ് മലയാളികളിൽ ഒന്നാമനായി ദിലീപ് കെ. കൈനിക്കര; കോട്ടയത്തിന് നാല് റാങ്ക്
text_fieldsകോട്ടയം: സിവിൽ സർവിസ് പരീക്ഷഫലം വന്നപ്പോൾ നാല് റാങ്കുമായി കോട്ടയം അഭിമാന നിറവിൽ. ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപ് കെ. കൈനിക്കരയാണ് 21ാം റാങ്ക് നേടി മലയാളികളിൽ ഒന്നാമനായത്. 111 ാം റാങ്ക് നേടിയ പാലാ തലപ്പലം സ്വദേശി സി.ബി. റെക്സ്, 134 ാം റാങ്ക് നേടിയ തോട്ടക്കാട് സ്വദേശി സാം വർഗീസ്, 145 ാം റാങ്ക് നേടിയ പാലാ ഏഴാച്ചേരി സ്വദേശി അർജുൻ ഉണ്ണികൃഷ്ണൻ എന്നിവരാണ് സിവിൽ സർവിസിൽ നേട്ടം കൊയ്ത കോട്ടയത്തുകാർ.
ദിലീപ് കെ. കൈനിക്കര കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്കും അഖിലേന്ത്യ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ 13ാം റാങ്കും കരസ്ഥമാക്കിയിരുന്നു. മദ്രാസ് ഐ.ഐ.ടിയില്‍നിന്ന് ബി.ടെക് പൂര്‍ത്തിയാക്കിയ ശേഷം രണ്ടുവര്‍ഷം ജോലി ചെയ്തു. 2018 മുതല്‍ സിവില്‍ സര്‍വിസ് പരിശീലനത്തിലാണ്. 2021ല്‍ ഐ.എഫ്.എസ് പരീക്ഷയില്‍ 18ാം റാങ്ക് കരസ്ഥമാക്കി ഡെറാഡൂണില്‍ ജോലിക്ക് പ്രവേശിച്ചു. ഇവിടെനിന്ന് അവധിയെടുത്ത് തിരുവനന്തപുരത്ത് പരിശീലനം നേടിയാണ് മൂന്നാം തവണ സിവില്‍ സര്‍വിസ് പരീക്ഷ എഴുതിയത്.
ഇത്തവണയും പ്രതീക്ഷയില്ലാത്തതിനാൽ ജൂണ്‍ അഞ്ചിനു നടക്കുന്ന അടുത്ത പ്രിലിമിനറി പരീക്ഷ എഴുതുന്നതിനുള്ള തയാറെടുപ്പിനിടയാണ് റാങ്ക് എത്തിയത്. ഫലം വരുമ്പോള്‍ ദിലീപ് തിരുവനന്തപുരത്തായിരുന്നു. പായിപ്പാട് കൈനിക്കര റിട്ട. എസ്.ഐ കുര്യാക്കോസിന്റെയും ചങ്ങനാശ്ശേരി സെന്റ് ജയിംസ് എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപിക ജോളിമ്മ ജോര്‍ജിന്റെയും മകനാണ്. സഹോദരി അമലു കെ. കൈനിക്കര എം.എ ഇക്കണോമിക്‌സ് വിദ്യാര്‍ഥിനിയാണ്. ചെറുപ്പം മുതല്‍ ക്വിസ് മത്സരം, പ്രസംഗമത്സരം, വായന എന്നിവയോടാണ് ദിലീപിന് താല്‍പര്യം.
സ്‌കൂള്‍തലം മുതല്‍ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. മത്സരയിനങ്ങളില്‍ പങ്കെടുക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു ദിലീപ്. സമപ്രായക്കാര്‍ മറ്റ് മേഖലകളിലേക്ക് തിരിഞ്ഞപ്പോള്‍ തന്‍റെ സ്വപ്നമായ സിവില്‍ സര്‍വിസ് എന്ന സ്വപ്നം ലക്ഷ്യം വെച്ച് മുന്നേറുകയായിരുന്നു. അതിനായി നിരന്തരം കഠിനാധ്വാനം ചെയ്തിരുന്നു.
റാങ്ക് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ദിലീപ് തിരുവനന്തപുരത്തായതിനാല്‍ ബന്ധുക്കളും മറ്റ് നിരവധി പേരും നേരിട്ടെത്തിയും ഫോണ്‍ സന്ദേശത്തിലൂടെയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിന്‍റെ തിരക്കിലാണെന്ന് മാതാവ് ജോളിയമ്മ പറഞ്ഞു. അഭിമാനവും സന്തോഷവും തോന്നുന്നതായും സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നതാണ് ലക്ഷ്യമെന്നും ദിലീപ് പറഞ്ഞു.
റാഞ്ചിയിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ചെങ്ങഴച്ചേരിൽ സി.വി. ബേബിയുടെയും അധ്യാപികയായിരുന്ന പരേതയായ ലിസമ്മ ബേബിയുടെയും മകനാണ് ഇരുപത്തെട്ടുകാരനായ സി.ബി. റെക്സ്. മൂന്നാം തവണയാണ് സിവിൽ സർവിസ് പരീക്ഷയെഴുതുന്നത്. ആദ്യതവണ ഇൻർവ്യൂവിന് വിളിച്ചില്ല. കഴിഞ്ഞ തവണ സിവിൽ സർവിസിൽ 293 റാങ്ക് നേടിയ റെക്സ് ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട് സർവിസിൽ ജോലി ചെയ്യുകയാണ്. റാങ്ക് നേട്ടം അറിയുമ്പോൾ ഷിംലയിലെ ട്രെയിനിങ്ങിനിടയിലായിരുന്നു. റാഞ്ചിയിലായിരുന്നു പ്ലസ് ടുവരെ പഠനം. തുടർന്ന് കുസാറ്റിൽ കമ്പ്യൂട്ടർ സയൻസ് പൂർത്തിയാക്കി. രണ്ടര വർഷം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു. 2018 മുതലാണ് കുട്ടിക്കാലത്തു മനസ്സിൽ കയറിക്കൂടിയ സിവിൽ സർവിസ് യാഥാർഥ്യമാക്കാനൊരുങ്ങിയത്. സഹോദരൻ ഡോ. സി.ബി. റോമി. സഹോദരന്‍റെ ഭാര്യ ഡോ. അമൃത തോമസ് കോട്ടയം കിംസ് ആശുപത്രിയിൽ പത്തോളജിസ്റ്റാണ്.
തോട്ടക്കാട് പുതുക്കാട്ട് വർഗീസ് സ്കറിയയുടെയും നഴ്സായിരുന്ന ഓമനയുടെയും മകനാണ് സാം വർഗീസ്. പത്തുവരെ മസ്കത്തിലായിരുന്നു പഠനം. പ്ലസ് ടു കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിലും. തുടർന്ന് ഡൽഹി ശ്രീരാം കോളജ് ഓഫ് കോമേഴ്സിൽനിന്ന് ബി.കോം പൂർത്തിയാക്കി. സി.എക്കുശേഷം ബംഗളൂരുവിൽ ജോലിചെയ്യുകയാണ്. ആറാം തവണയാണ് സാം പരീക്ഷയെഴുതുന്നത്. കഴിഞ്ഞ തവണകളിലൊന്നും വിജയിച്ചില്ല. സഹോദരിമാരിലൊരാൾ ഡോ. സൽമ ദുബൈയിലാണ്. ഇളയ ആൾ സ്നേഹ അഹ്മദാബാദിൽ ആർക്കിടെക്റ്റ്. ഭാര്യ മറിയക്കൊപ്പം ബംഗളൂരുവിലാണ് ഇപ്പോൾ.
പാലാ ഏഴാച്ചേരി കാവുങ്കൽ കെ.കെ. ഉണ്ണികൃഷ്ണന്‍റെയും ബിന്ദുവിന്‍റെയും മകനാണ് 145ാം റാങ്കുകാരനായ അർജുൻ ഉണ്ണികൃഷ്ണൻ. പാലാ സെന്‍റ് വിൻസെന്‍റ് സ്കൂളിലും ചൂണ്ടച്ചേരി സെന്‍റ് ജോസ് സ്കൂളിലുമായിട്ടായിരുന്നു പഠനം. തുടർന്ന് മുട്ടം എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് പൂർത്തിയാക്കി. ആദ്യതവണ പരീക്ഷയെഴുതിയെങ്കിലും വിജയിച്ചില്ല. രണ്ടുവർഷമായി വീട്ടിലിരുന്നു പരീക്ഷക്കു തയാറെടുക്കുകയായിരുന്നു. ബി.ടെക് വിദ്യാർഥിയായ അനന്തുവാണ് സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.